കൊല്ലം-വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാറിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചു. കിരണും അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങൾ കേസിൽ നിർണായക തെളിവായി മാറുകയാണ്.
കൊല്ലത്തെ വിചാരണ കോടതിയിൽ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിർണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നൽകുകയോ ചെയ്താൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം' എന്ന് കിരൺ പറയുന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ എത്തിച്ചത്. സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടിൽ വച്ച് താൻ വിസ്മയയെ മർദിച്ചെന്ന കാര്യം കിരൺ തന്നെ സഹോദരി ഭർത്താവിനോട് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും കോടതിക്ക് മുന്നിൽ എത്തി. വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്നാണ് കിരൺ പറയുന്നത്. കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിർണായക തെളിവായി ഈ സംഭാഷണങ്ങൾ മാറുന്നതും. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് മകളെ കിരൺ നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്ക് മുന്നിൽ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വിസ്മയ അമ്മയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കി.