Sorry, you need to enable JavaScript to visit this website.

സഖാവ് പി.എ, ഓർമയായതു പുസ്തകങ്ങളുടെ തോഴൻ 

കൽപറ്റ-പുസ്തകങ്ങളുടെ തോഴനായിരുന്നു വയനാട്ടിൽ ഇന്നലെ അന്തരിച്ച സി.പി.എം നേതാവ് പി.എ.മുഹമ്മദ്. എട്ടു പതിറ്റാണ്ടുകളിലധികം നീണ്ട ജീവിതാത്രയ്ക്കിടെ ആയിരക്കണക്കിനു പുസ്തകങ്ങളാണ് പി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് വായിച്ചുതീർത്തതെന്നു അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നു. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ വിദ്യാഭ്യാസ കാലത്തു ആരംഭിച്ചതാണ് മുഹമ്മദിൽ വായനയിലുള്ള കമ്പം. പിൽക്കാലത്തു അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിന്റെയും  പ്രവർത്തകനും പ്രദേശിക നേതാവുമായപ്പോഴും മുഹമ്മദ് പുസ്തകങ്ങളെ കൈവിട്ടില്ല.  1982 മുതൽ സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയിൽ തിരക്കുകളിൽ അകപ്പെട്ടപ്പോഴും വായനയുടെ ലോകവുമായി മുഹമ്മദ് ഒട്ടിനിന്നു. പാർട്ടി പരിപാടികൾക്കായുള്ള യാത്രകളിൽപോലും മുഹമ്മദിന്റെ കൈയിൽ ഒരു പുസ്തകം കാണാമായിരുന്നു. ചരിത്ര, ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായനയിലായിരുന്നു മുഹമ്മദിനു താത്പര്യം. കാൽ നൂറ്റാണ്ട് കൊണ്ടുനടന്ന സി.പി.എം ജില്ലാ സെക്രട്ടറി പദവി 2007ൽ ഒഴിഞ്ഞപ്പോൾ ഉപജീവനത്തിനു പുസ്തകശാലയാണ് അദ്ദേഹം ആരംഭിച്ചത്. കൽപറ്റ പഴയ സ്റ്റാൻഡിലെ ദേശാഭിമാനി ബുക് സ്റ്റാളിന്റെ ഉടമയാണ് മുഹമ്മദ്. നിത്യേനയെന്നോണം ബുക്‌സ്റ്റാളിലെത്തി പത്രങ്ങൾ വായിച്ചശേഷം ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്നു ഭദ്രമായി പൊതിഞ്ഞാണ് മുഹമ്മദ് വീട്ടിലേക്കു പോയിരുന്നത്. വായനയ്ക്കുശേഷം കടുംപുത്തനായാണ് പുസ്തകം മുഹമ്മദ് സ്റ്റാളിൽ തിരിച്ചെത്തിച്ചിരുന്നത്. വായനയിലുള്ള താത്പര്യമൂലം മുഹമ്മദിനു ചെറുപ്പത്തിൽ സ്‌നേഹത്തിൽ പൊതിഞ്ഞ ശകാരങ്ങളും കേൾക്കേണ്ടിവന്നിട്ടുണ്ട്. മേപ്പാടിയിലെ തോട്ടം മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ അന്തരിച്ച സി.പി.എം-സി.ഐ.ടി.യു നേതാവ് പി.കുഞ്ഞിക്കണ്ണനൊപ്പമാണ് പി.എ ഓടിനടന്നിരുന്നത്. വിവാഹിതനായിരുന്ന കുഞ്ഞിക്കണ്ണന്റെ വീട്ടിലെ ചായ്പിലായിരുന്നു പല ദിവസങ്ങളിലും പി.എയുടെ അന്തിയുറക്കം. രാതിയിലെ ഇരുളകറ്റാൻ മണ്ണെണ്ണ വിളക്കായിരുന്നു അക്കാലത്തു ആശ്രയം. രാത്രി വൈകിയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചതിൽ വായിക്കുന്നതുകണ്ട് വീട്ടമ്മ പി.എയെ സഹോദര വാത്സല്യത്തോടെ ശാസിക്കുമായിരുന്നുവെന്നു പഴമക്കാരിൽ ചിലർ ഓർക്കുന്നു. തീവിലയുള്ള മണ്ണെണ്ണ കത്തിത്തീരുന്നതിലായിരുന്നു കുഞ്ഞിക്കണ്ണന്റെ സഹധർമിണിയുടെ ആകുലത.പരന്ന വായനയിലൂടെ മുഹമ്മദ് ആർജിച്ച അറിവ് അദ്ദേഹത്തിന്റെ പൊതു പ്രസംഗങ്ങളിലും പാർട്ടി കാര്യങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകളിലും പ്രകടമായിരുന്നു. 
സർക്കാർ ഉടമസ്ഥതയിലുുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വയനാട്ടിൽ കൊണ്ടുവരുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകനാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ കൈയൊപ്പ് പതിയാത്ത വിദ്യാഭാസ സ്ഥാപനങ്ങൾ ജില്ലയിൽ കുറവാണെന്നു പൊതുരംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.  മുഹമ്മദ് വയനാടിനു നൽകിയ ഏറ്റവും വലിയ സംഭാവന ഇതാണെന്നു അഭിപ്രായപ്പെടുന്നവരും ജില്ലയിൽ നിരവധിയാണ്. 
1980കളിൽ മേപ്പാടി പഞ്ചായത്ത് മെംബറും പ്രസിഡന്റുമായിരുന്നുവെങ്കിലും പാർലമെന്ററി വ്യാമോഹങ്ങൾ തലയ്ക്കുപിടിക്കാത്ത നേതാവായിരുന്നു മുഹമ്മദ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം കൽപറ്റ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായത്. ഇപ്പോഴത്തെ രാജ്യസഭാംഗം എം.വി.ശ്രേയാംസ്‌കുമാറായിരുന്നു തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി. എൽ.ഡി.എഫിനു സാധ്യത നന്നേ കുറഞ്ഞ മണ്ഡലത്തിൽനിന്നു എങ്ങനെയും വിജയിക്കണമെന്ന വാശി മുഹമ്മദിനുണ്ടായിരുന്നില്ല. അതിനാൽത്തന്നെ തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ഉല ഊതിക്കത്തിക്കാൻ എൽ.ഡി.എഫ് പ്രവർത്തകർക്കു മെനക്കടേണ്ടിയും വന്നില്ല. വോട്ടെടുപ്പിനുശേഷം, തോൽക്കുമെന്നു പരസ്യമായി പറയാനുള്ള തന്റേടവും മുഹമ്മദ് കാട്ടി. ഇതു പാർട്ടിയിൽ വിവാദത്തിനും കാരണമായി. 
കൗമാര, യൗവന കാലങ്ങളിലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു മുഹമ്മദ്. ജീവിത സായാഹ്നത്തിലും യാത്രകൾക്കിടയിൽ പഴയ ചങ്ങാതിമാരെ വീടുകളിൽ സന്ദർശിച്ചു സൗഹൃദം പുതുക്കുമായിരുന്നു അദ്ദേഹം. 
വിദ്യാർഥി കാലത്തു കമ്മ്യൂണിസത്തിൽ ആകൃഷ്ടനായതാണ് മുഹമ്മദ്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടുമാത്രം തൊഴിൽ നഷ്ടവും അദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളേജിലെ പ്രീ യൂനിവേഴ്‌സിറ്റി പഠനം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പാതിവഴിയിൽ നിർത്തി നാട്ടിൽ തിരിച്ചെത്തിയ മുഹമ്മദിനു കൽപറ്റയ്ക്കടുത്തുള്ള മടക്കിമല സർവീസ് സഹകരണ ബാങ്കിൽ ജോലി ലഭിച്ചതാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് എന്ന കാരണത്താൽ മുഹമ്മദിനെ ബാങ്ക് ഭരണസമിതി ഏറെക്കാലം കഴിയുംമുമ്പേ ജോലിയിൽനിന്നു ഒഴിവാക്കി. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ വീടുമായി അകന്നുകഴിയാനും മുഹമ്മദ് നിർബന്ധിതനായിട്ടുണ്ട്. 1958ലാണ് മുഹമ്മദിനു കമ്മ്യൂണിറ്റ് പാർട്ടിയിൽ അംഗത്വം ലഭിക്കുന്നത്. ഒരു മുസ്‌ലിം ചെറുപ്പക്കാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയെന്നതു അക്കാലത്തു വയനാട്ടിൽ അദ്ഭുതമായിരുന്നു. 
തെറ്റദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വവുമാണ് മുഹമ്മദിന്റേത്. മുരടൻ സ്വഭാവക്കാരനായാണ് പൊതുരംഗത്തു ഉള്ളവരടക്കം അടുത്തറിയാത്തവരിൽ ചിലരെങ്കിലും അദ്ദേഹത്തെ കണ്ടിരുന്നത്. കേൾവിശക്തി കുറവായതിനാൽ വഴിയിൽ കണ്ടുമുട്ടുന്ന പരിചയക്കാരുമായുള്ള  കുശലം പറച്ചിൽ മുഹമ്മദ് ഒഴിവാക്കിയിരുന്നു. ഇതു ചിലരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നതിനു കാരണമായി. യഥാർഥത്തിൽ കരുണാർദ്ര ഹൃദയത്തിനും ചിന്തകൾക്കും ഉടമയായിരുന്നു അദ്ദേഹം. പാർട്ടിക്കു അകത്തും പുറത്തും സൗഹൃദ വലയത്തിലുള്ളവരുടെ കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞൊതുക്കുന്നതിലും പ്രത്യേക വൈഭവമായിരുന്നു മുഹമ്മദിന്.
 

Latest News