കൊച്ചി- സില്‍വര്‍ ലൈനിനായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ചു. അങ്കമാലി എളവൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇവിടെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീട് പോലീസ് സഹായത്തോടെയാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ഒന്‍പത് സര്‍വേ കല്ലുകളാണ് രാത്രിയില്‍ പിഴുത് മാറ്റിയത്. ഇതില്‍ മൂന്ന് എണ്ണമാണ് എളവൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. അതേസമയം പിഴുതുമാറ്റിയ മറ്റ് കല്ലുകള്‍ കാണാതായിട്ടുണ്ട്.
കെ റെയില്‍ പരാതി നല്‍കിയാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സര്‍വേ കല്ലുകള്‍ പിഴുതുമാറ്റുമെന്ന് ഇന്നലെ തന്നെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി സമയം സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയത്.