Sorry, you need to enable JavaScript to visit this website.

പ്രതിനിധി സമ്മേളനത്തിന് 185 പേര്‍,  സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

കാസര്‍കോട്- സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാര്‍ട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പി ജയരാജന്‍, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, ആനത്തലവട്ടം ആനന്ദന്‍ , ടി പി രാമകൃഷ്ണന്‍, പി കരുണാകരന്‍ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കോവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അഞ്ഞൂറിലധികം പേര്‍ക്കിരിക്കാവുന്ന ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് പത്ത് പേരെ മാറ്റിയേക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിത്യം ഉയര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാകും പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരിക. ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണന്‍ തുടരാനാണ് സാധ്യത.
കാസര്‍കോടിനൊപ്പം തൃശൂര്‍ സിപിഎം ജില്ലാ സമ്മേളനവും ഇന്ന് തുടങ്ങും. തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്പ്രതിനിധി സമ്മേളനം നടക്കുക കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമര്‍ശനമുണ്ട്.
 

Latest News