കാസര്‍കോട്- സംസ്ഥാനം കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തില്‍. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസര്‍ക്കോട് പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടര്‍ പിന്‍വലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന ആക്ഷേപം ഇതിനോടകം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. നടപടി വിവാദത്തിലായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കാസര്‍ക്കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രംഗത്തെത്തി. പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ച പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നിരോധനം പിന്‍വലിച്ചതെന്നുമാണ് കലക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ വിശദീകരണം.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചതെന്നും കലക്ടര്‍ പറയുന്നു. കലക്ടര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മറുപടിയെന്നുമാണ് കലക്ടര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.