കോഴിക്കോട് - അറുപത്തിയാറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ കിരീടം കേരളവും വനിതാ കിരീടം റെയിൽവേസും നിലനിർത്തി. ഇരു വിഭാഗത്തിലും കേരളവും റെയിൽവേസും തമ്മിലായിരുന്നു കലാശപ്പോരാട്ടം. പുരുഷന്മാർ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം 3-1 ന് ജയിച്ചപ്പോൾ (24-26, 25-23, 25-19, 25-21) ഇഞ്ചോടിഞ്ച് അഞ്ചു സെറ്റിൽ റെയിൽവേസിനോട് വനിതകൾ മുട്ടുമടക്കി (21-25, 28-26, 25-21, 18-25, 12-15).
പുരുഷന്മാർ ആറാം തവണയാണ് കിരീടം നേടുന്നത്. 2011 ലും 2012 ലും 2016 ലുമാണ് സമീപകാലത്ത് ചാമ്പ്യന്മാരായത്. 2013 ൽ മൂന്നാമതും 2014 ൽ നാലാമതും 2015 ൽ റണ്ണേഴ്‌സ്അപ്പാകുകയും ചെയ്തു. വനിതാവിഭാഗത്തിൽ പത്താം വർഷം തുടർച്ചയായി കിരീടത്തിനുടമകളാണ് റെയിൽവേസ്.
തമിഴ്‌നാടിനെ നാലാം സ്ഥാനത്തേക്ക് തള്ളി മഹാരാഷ്ട്ര വനിതകളും (18-25, 25-18, 2-25, 25-23, 15-10) തമിഴ്‌നാടിനെ തോൽപിച്ച സർവീസസ് പുരുഷന്മാരും മൂന്നാം സ്ഥാനക്കാരായി (26-24, 25-23, 20-25, 25-23).
തുടർച്ചയായി പത്ത് വർഷമായി വനിതാ ഫൈനലിൽ ഏറ്റുമുട്ടുന്നത് കേരളവും റെയിൽവേസുമാണ്. എപ്പോഴും വിജയം റെയിൽവേസിന് തന്നെ. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഇത്തവണയും ചരിത്രം തിരുത്താനായില്ല. റെയിൽവേയുടെ സീനിയർ താരങ്ങളായ നിർമലിന്റെയും പ്രിയങ്ക ബോറയുടെയും സ്മാഷുകൾക്ക് മുന്നിൽ കേരളത്തിന് അടിയറവ് പറയേണ്ടി വന്നു.
ഒന്നാം സെറ്റിൽ തുടക്കം മുതൽ റെയിൽവേസ് മുന്നിൽ നടന്നു. അനുശ്രീ, അഞ്ജലി ബാബു, രേഖ എന്നിവരുടെ ഫിനിഷിംഗിലൂടെ കേരളം 19-22 ലെത്തിയെങ്കിലും കൈവിട്ടുപോയി. രണ്ടാമത്തെ സെറ്റിൽ 15-10 ൽ കേരളം മുന്നിൽ നടന്നെങ്കിലും 23-23 ന് ഒപ്പമെത്തിയ റെയിൽവേ തുടർന്നുള്ള ഓരോ പോയിന്റിലും പൊരുതി. 26-26 ൽ റെയിൽവെയുടെ നിർമലിന്റെ സ്മാഷ് എടുത്ത രേഖ പന്ത് ജിനിക്ക് നൽകി. ഉയർന്നു ചാടിയ അനുശ്രീക്ക് തളികയിലെന്നവണ്ണം ജിൻസി പന്തൊരുക്കി. അനുശ്രീ അത് സഫലമാക്കിയതോടെ 1-1.
മൂന്നാമത്തെ സെറ്റിൽ കേരളം ഉജ്വലമായ തിരിച്ചുവരവാണ് നടത്തിയത്. 10-19 ൽ പിന്നിൽ നിൽക്കെ ആരംഭിച്ച എസ്.രേഖയുടെ സർവ് 19-18 ലാണ് അവസാനിച്ചത്. തുടർന്ന് 20-20 ന് സമനില പിടിച്ച കേരളം മുന്നേറി 25-21 ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിൽ 6-5 ന് മുന്നിലെത്തിയ റെയിൽവേസ് 9-9 വരെ ഒപ്പത്തിനൊപ്പം പോയെങ്കിലും പിന്നെ ലീഡ് നേടി. കേരളത്തെ 13 ൽ നിർത്തി അഞ്ച് പോയന്റുകൾ തുടർച്ചയായി കരസ്ഥമാക്കി.
അവസാനത്തെ സെറ്റിൽ തീവണ്ടി വേഗത്തിൽ കൂകിപ്പാഞ്ഞപ്പോൾ ഒപ്പമെത്താൻ കേരളം കിതച്ചു. 10-10 ൽ തളച്ചെന്ന് തോന്നിച്ചെങ്കിലും 15-12 ന് സെറ്റും കിരീടവും റെയിൽവേസ് അവരുടേതാക്കി.
പുരുഷന്മാരിൽ കേരളത്തിന്റെ ഫൈനലിലെ താരം അജിത്‌ലാൽ ആയിരുന്നു. മുൻ കളികളിൽ തിളങ്ങിയ ജെറോം വിനീതും അജിതും ആദ്യസെറ്റിൽ നിറം മങ്ങിയപ്പോൾ അജിത് ലാൽ നിറഞ്ഞാടി. ജി.എസ് അകിൻ, വിപിൻ ജോർജ്, രോഹിത്, എൻ.ജിബിൻ എന്നിവരും നിറഞ്ഞുകളിച്ചു. ഒന്നാം സെറ്റിൽ 4-1 ന് മുന്നിൽ നിന്ന് തുടങ്ങിയ കേരളം പതുക്കെ റെയിൽവേയുടെ നിറഞ്ഞാട്ടത്തിന് മുന്നിൽ പതറി. പ്രത്യേകിച്ച് എസ്.പ്രഭാകരൻ, മനു ജോസഫ്, കരൺ ചൗധരി എന്നിവർ സെറ്റ് അനുകൂലമാക്കി. രണ്ടാംസെറ്റിൽ 7-4 ന് പിറകിൽ നിന്ന കേരളം 8-8 ന് ഒപ്പമെത്തി. 11-11 ന് ശേഷം മുന്നേറ്റം കുറിച്ചുവെങ്കിലും 22-22 ൽ വീണ്ടും സമനില. തുടർന്ന് 23-23 ൽ നിൽക്കെ അജിത്‌ലാലിന്റെ സ്മാഷും വിപിൻ ജോർജിന്റെ സർവും കേരളത്തിന് സെറ്റ് നേടിക്കൊടുത്തു. മൂന്നാം സെറ്റിൽ എട്ട് പോയിന്റുകൾ നേടിയത് അജിതിന്റെ സ്മാഷുകളിലാണ്. 7-7 ന് റെയിൽവേ ഒപ്പമെത്തിയെങ്കിലും പിന്നീട് കേരളം തിരിഞ്ഞുനോക്കിയിട്ടില്ല. നാലാം സെറ്റിൽ റെയിൽവെ തീർത്തും മങ്ങി. റെയിൽവേ ഗിയർ മാറ്റാനാകാതെ കിതച്ചുനിന്നപ്പോൾ ജെറോമും അജിതും അടിച്ചുതകർത്തു.