കണ്ണൂർ- സിൽവർലൈൻ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ കാർക്ക് മർദിക്കാനും കയ്യേറ്റം ചെയ്യാനും അവസരം സൃഷ്ടിച്ച പോലീസ് നടപടി കാടത്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പോലീസിന്റെ കാടത്തം കോൺഗ്രസ് കൈയും കെട്ടി നോക്കിനിൽക്കില്ല.
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിന് പുറത്ത് സമാധാനപരമായി പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സി.പി.എം-ഡി.വൈ.എഫ്.ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണ്. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ജനാധിപത്യ ബോധവും മര്യാദയും തൊട്ടുതീണ്ടാത്ത സി.പി.എം വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ്. ഇത് തടയാൻ ഉത്തരവാദപ്പെട്ട പോലീസ് ആകട്ടെ കൈയുംകെട്ടി നോക്കിനിൽക്കുന്നു -സുധാകരൻ പറഞ്ഞു.
സി.പി.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. കടമയും ഉത്തരവാദിത്തവും മറന്ന് സി.പി.എം അക്രമത്തിന് കൊടിപിടിക്കാനാണ് പോലീസിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കൈയും കെട്ടി നോക്കിനിൽക്കില്ല. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. മറിച്ച് സി.പി.എം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ കള്ളക്കേസുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കിൽ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോൺഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കിൽ അത് വ്യാമോഹമാണെന്നും സുധാകരൻ പറഞ്ഞു.