Sorry, you need to enable JavaScript to visit this website.

ലോകകപ്പിൽ ഇന്ത്യക്ക് എളുപ്പമുള്ള ഗ്രൂപ്പ്

ന്യൂദൽഹി - അടുത്ത നവംബറിൽ ഒഡീഷയിൽ നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ഗ്രൂപ്പ് മത്സരങ്ങൾ എളുപ്പമാവും. ഒളിംപിക് വെള്ളി മെഡലുകാരായ ബെൽജിയം, ലോക പതിനൊന്നാം നമ്പർ കാനഡ, ആഫ്രിക്കൻ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ടീമുകൾക്കൊപ്പം പൂൾ സി-യിലാണ് ഇന്ത്യ. നവംബർ 28 ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യ മത്സരം. ഇന്നലെയാണ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ ലോകകപ്പ് പൂളുകൾ പ്രഖ്യാപിച്ചത്. 
നെതർലാന്റ്‌സ്, ജർമനി, മലേഷ്യ, പാക്കിസ്ഥാൻ ടീമുകളടങ്ങുന്ന പൂൾ ഡി-യാണ് ഏറ്റവും ശക്തം. ഒളിംപിക് ചാമ്പ്യന്മാരായ അർജന്റീന, ന്യൂസിലാന്റ്, സ്‌പെയിൻ, ഫ്രാൻസ് ടീമുകളടങ്ങുന്ന പൂൾ എ-യും പ്രവചനാതീതമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏതാനും വമ്പൻ പോരാട്ടങ്ങളുണ്ട്. ഡിസംബർ ഒന്നിന് മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും പാക്കിസ്ഥാനും പൂൾ ഡി-യിൽ മുഖാമുഖം വരും. ഡിസംബർ നാലിന് പൂൾ ബി-യിൽ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പോരാട്ടമാണ്. അയർലന്റും ചൈനയുമാണ് ഈ പൂളിലെ മറ്റു ടീമുകൾ. ഡിസംബർ 12 ന് ക്വാർട്ടർ ഫൈനൽ ആരംഭിക്കും. ഡിസംബർ 16 നാണ് ഫൈനൽ. 
പൂളിലെ ഒന്നാം സ്ഥാനക്കാർക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലെത്താം. രണ്ടും മൂന്നും സ്ഥാനക്കാർ പ്ലേഓഫ് കളിക്കണം. 


 

Latest News