പാരിസ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കിരീടം മോഹിച്ച് പി.എസ്.ജി കോടികൾ ഒഴുക്കിയത് തൽക്കാലത്തേക്കെങ്കിലും വെറുതെയാവുമെന്ന് തോന്നുന്നു. റയൽ മഡ്രീഡിനെതിരായ പ്രി ക്വാർട്ടർ രണ്ടാം പാദത്തിൽ ലോകത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ നെയ്മാറിന് കളിക്കാനാവില്ല. ആദ്യ പാദത്തിൽ 1-3 ന് തോറ്റ പി.എസ്.ജിയുടെ പ്രതീക്ഷകളുടെ ഭാരം മുഴുവൻ നെയ്മാറിന്റെ ചുമലിലായിരുന്നു.
മാഴ്‌സെക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കാലിലെ എല്ലിന് പോറലേറ്റ നെയ്മാർ സുഖം പ്രാപിക്കാൻ ആറാഴ്ചയെങ്കിലുമെടുക്കുമെന്ന് പിതാവ് നെയ്മാർ സീനിയർ വെളിപ്പെടുത്തി. ശസ്ത്രക്രിയ വേണ്ടി വന്നാലും ഇല്ലെങ്കിലും സുഖം പ്രാപിക്കാൻ ആറ് മുതൽ എട്ടാഴ്ച വരെ വേണ്ടിവരുന്നതാണ് ഈ പരിക്കെന്ന് പി.എസ്.ജിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് റയലിനെതിരായ കളി. മത്സരത്തിൽ നെയ്മാർ കളിക്കാൻ നേരിയ സാധ്യതയുണ്ടെന്ന പി.എസ്.ജി കോച്ച് ഉനായ് എമറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെയ്മാർ സീനിയർ. ഇരുപത്താറുകാരന്റെ അഭാവത്തിൽ തുടർച്ചയായ രണ്ടാം സീസണിലും പി.എസ്.ജി പ്രി ക്വാർട്ടറിൽ പുറത്താവാനുള്ള സാധ്യതയാണ് തെളിയുന്നത്.
അതിനിടെ, നെയ്മാറിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും മെയ് വരെ വിശ്രമം ആവശ്യമാണെന്നും ബ്രസീലിലെ ഗ്ലോബോ എസ്‌പോർടെ പത്രം റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പ് അവഗണിച്ച് റയലിനെതിരെ നെയ്മാറിനെ കളിപ്പിച്ചാൽ താരത്തിന്റെ ലോകകപ്പ് സാന്നിധ്യം പോലും അവതാളത്തിലാവുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ ബ്രസീലിന്റെ ടീം ഡോക്ടർ റോഡ്രിഗൊ ലസ്മാർ പരിക്കു വിലയിരുത്താൻ പാരിസിലെത്തിയിട്ടുണ്ട്.
നെയ്മാർ ഇല്ലാതെയാണ് ഇന്നലെ പി.എസ്.ജി ഫ്രഞ്ച് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഴ്‌സെയെ നേരിട്ടത്. ചാമ്പ്യൻസ് ലീഗിലും നെയ്മാറിനു പകരം എയിംഗൽ ഡി മരിയ സ്റ്റാർടിംഗ് ഇലവനിലെത്താനാണ് സാധ്യത. പി.എസ്.ജിക്കു വേണ്ടി 30 മത്സരങ്ങളിൽ 28 ഗോളടിച്ചിട്ടുണ്ട് നെയ്മാർ. ഈ സീസണിന്റെ തുടക്കത്തിലാണ് നിലവിലെ ലോക റെക്കോർഡിന്റെ ഇരട്ടി തുകക്ക് ബാഴ്‌സലോണയിൽ നിന്ന് നെയ്മാർ പി.എസ്.ജിയിലെത്തിയത്.