റിയാദ് - ഇഖാമ പുതുക്കാനുള്ള ഫീസ് അടച്ച ശേഷം നടപടിക്രമങ്ങളിലെ പിഴവുകൾ മൂലവും മറ്റും ഇഖാമ പുതുക്കാതിരുന്നാൽ ഫീസ് തിരികെ ലഭിക്കാൻ ഉപയോക്താക്കൾ നേരിട്ട് ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പേര്, ഇഖാമ നമ്പർ, ആശയ വിനിമയത്തിനുള്ള നമ്പർ, പ്രശ്‌നത്തിന്റെ വിശദാംശങ്ങൾ, ഫീസ് അടച്ച ബാങ്ക് എന്നിവ അടക്കമുള്ള വിവരങ്ങൾ നൽകിയാണ് ബന്ധപ്പെടേണ്ടത്.
അബ്ശിർപ്ലാറ്റ്‌ഫോമിൽ ടെക്‌നിക്കൽ സപ്പോർട്ട് സേവനം തെരഞ്ഞെടുത്ത ശേഷമാണ് ഈ വിവരങ്ങളെല്ലാം നൽകേണ്ടതെന്നും, ഫീസ് അടച്ച ശേഷം നടപടിക്രമങ്ങളിലെ പിഴവു മൂലം ഇഖാമ പുതുക്കാൻ സാധിച്ചില്ലെന്ന് അറിയിച്ചും ഏതു രീതിയിലാണ് ഫീസ് തിരികെ ലഭിക്കുകയെന്ന് ആരാഞ്ഞും ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി അബ്ശിർ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.