റിയാദ് - ഹൂത്തി മിലീഷ്യകളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം അമേരിക്ക പഠിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം മുമ്പ് ഹൂത്തികളെ അമേരിക്ക ഭീകര പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഹൂത്തികളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, ഇക്കാര്യം അമേരിക്ക പഠിക്കുന്നതായി ജോ ബൈഡൻ പറഞ്ഞു.
അബുദാബി എയർപോർട്ടിനും ഇന്ധന സംഭരണ കേന്ദ്രത്തിനും നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കു മറുപടിയായി ഹൂത്തികളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽഉതൈബ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി വാഷിംഗ്ടൺ യു.എ.ഇ എംബസി പ്രസ്താവനയിൽ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഹൂത്തികളെ ഭീകര പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുന്ന കാര്യം അമേരിക്ക പഠിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കിയത്.