കണ്ണൂർ- സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് അടക്കം മർദനമേറ്റു. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മർദിച്ചതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. തെരുവുഗുണ്ടകളെപ്പോലെയാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ മർദ്ദിച്ചതെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു. ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം. ഹാളിനുള്ളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പോലീസിനൊപ്പം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താനെത്തിയ ജയ് ഹിന്ദ് ചാനൽ റിപ്പോർട്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യോഗം നടക്കുന്ന ഹാളുകൾ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.