കോഴിക്കോട്- ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന, കോഴിക്കോട് കുളങ്ങര പീടിക സ്വദേശി ഫൈജാസ് എന്നിവരാണ് പിടിയിലായത്.പന്തീരങ്കാവ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ബൈപ്പാസിലുള്ള സ്വകാര്യ ഫഌറ്റിലേക്ക് യുവതി വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന നാല് യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചെന്നാണ് പരാതി. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ സംഘം 8500 രൂപ ഗൂഗിള്‍പേ വഴി ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി നഗരത്തിലും പരിസരങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ്.