Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധം: രവീന്ദ്രന്‍

തൊടുപുഴ-പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുന്‍ അഡിഷണല്‍ തഹസില്‍ദാര്‍ എംഐ രവീന്ദ്രന്‍. എംഎം മണിയേയും സിപിഎം പാര്‍ട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതാണ് ഉത്തരവെന്നും രവീന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത നേരം നോക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്റെ പേരിലറിയപ്പെടുന്ന പട്ടയങ്ങള്‍ നിമവിരുദ്ധമല്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.
സാധാരണക്കാരുടെ ഭൂമിക്ക് നല്‍കിയ പട്ടയം പോലും പരിശോധിക്കപ്പെടുമ്പോള്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്നും രവീന്ദ്രന്‍ പറഞ്ഞു. ലോക പ്രശസ്തമായ മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തെ തകര്‍ക്കാനുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വന്‍കിടക്കാര്‍ക്കും പട്ടയം നല്‍കിയിട്ടില്ല. പട്ടയം നല്‍കിയത് മുഴുവന്‍ സാധാരണക്കാര്‍ക്കാണെന്നും രവീന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് പട്ടയം നല്‍കിയ ഭൂമി മറ്റ് ചിലര്‍ പണം നല്‍കി വാങ്ങി. ഇവിടെയാണ് റിസോര്‍ട്ട് പണിതിരിക്കുന്നത്. എംഎം മണിയെ ആണ് ലക്ഷ്യമിടുന്നത് എന്ന് പറയുന്നത് സിപിഐ പാര്‍ട്ടി ഓഫീസ് പട്ടയം റദ്ദാക്കിയതിനാലും സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയത്തോടെ നിലനില്‍ക്കുന്നതിനാലുമാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നും രവീന്ദ്രന്‍ പറഞ്ഞു.
വ്യാജ പട്ടയങ്ങള്‍ പെരുകിയത് താന്‍ സ്ഥലംമാറിയതിന് ശേഷം റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളിയുടെ ഭാഗമാണെന്നും ഇതിനായി തന്റെ ഓഫീസ് സീല്‍ ഉപയോഗിച്ചുവെന്നും രവീന്ദ്രന്‍ പറയുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് ഉറപ്പാണെന്നും നിയമപരമായി ചെയ്ത കാര്യമായതിനാലാണ് ആത്മവിശ്വാസത്തോടെ ഇക്കാര്യം പറയാന്‍ കഴിയുന്നതെന്നും രവീന്ദ്രന്‍ പറഞ്ഞു.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ 45 ദിവസത്തിനകം റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക. ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വലിയ അളവില്‍ ഭൂമി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാനായി നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തും. കുടിയൊഴിപ്പിക്കേണ്ടി വന്നാലും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
 

Latest News