കോഴിക്കോട്- കോവിഡ് മഹാമാരി മൂലം ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് വിദേശങ്ങളിലെ ജോലി നഷ്ടമായതിന്റെ ആഘാതം കേരളത്തില്‍ കണ്ടു തുടങ്ങി. കേരളത്തിലെ ബാങ്കുകളില്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരുന്ന പ്രവാസികളുടെ നിക്ഷേപത്തില്‍, ഒരു പക്ഷെ ഇതാദ്യമായി ഇടിവുണ്ടായിരിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷം, 2021 സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പ്രവാസി മലയാളികളുടെ ആകെ ബാങ്ക് നിക്ഷേപം 2,35,897 കോടി രൂപയാണ്. മുന്‍ പാദത്തെ അപേക്ഷിച്ച് 593 കോടി രൂപയാണ് കുറഞ്ഞതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ അവരുടെ കരുതല്‍ നിക്ഷേപം പിന്‍വലിച്ചു തുടങ്ങിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസികള്‍ വീട്ടിലെ നിത്യചെലവുകള്‍ക്കായും മറ്റും നാട്ടിലേക്കയക്കുന്ന പണമല്ല (റെമിറ്റന്‍സ്) ഇത്. നിശ്ചിത കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തി(ഡെപോസിറ്റ്)ലാണ് ഈ ഇടിവുണ്ടായിരിക്കുന്നത്. 2020 മേയ് മുതല്‍ 2021 ജൂലൈ വരെ വിവിധ രാജ്യങ്ങളില്‍ നിന്ന് 15 ലക്ഷം പ്രവാസി മലയാളികളാണ് തിരികെ നാട്ടിലെത്തിയത്. ഇവരില്‍ 10.45 ലക്ഷം പേരും ജോലി നഷ്ടപ്പെട്ടവരായിരുന്നു. ഇങ്ങനെ തിരിച്ചെത്തിയവരില്‍ പലരും സ്വന്തം നിക്ഷേപം പിന്‍വലിച്ച് നാട്ടില്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുകയോ അല്ലെങ്കില്‍ മറ്റു ചെലവുകള്‍ക്ക് ഉപയോഗിക്കുകയോ ചെയ്തിരിക്കാം.
കോവിഡ് മഹാമാരി പ്രവാസി മലയാളികളെ സാരമായി ബാധിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടത്തിനു പുറമെ ശമ്പളം വെട്ടിക്കുറച്ചതും അവരുടെ ബാങ്ക് നിക്ഷേപത്തിലും റെമിറ്റന്‍സിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. മഹാമാരി മൂലമുള്ള മടക്കം പലര്‍ക്കും അപ്രതീക്ഷിതവും മുന്‍കൂട്ടി ആസൂത്രണം ചെയ്തുമായിരുന്നില്ല. തിരിച്ചു പോക്കും പുതിയ ജോലിയും അനിശ്ചിതാവസ്ഥയില്‍ ആയതോടെ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കരുതല്‍ ശേഖരത്തില്‍ നിന്നും പണം പിന്‍വലിക്കേണ്ടി വന്നു.
അതേസമയം കോവിഡ് മഹാമാരി ഒതുങ്ങി വിപണികള്‍ തിരിച്ചുവരികയും പുതിയ തൊഴിലവസരങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നതോടെ സ്ഥിതി മാറിയേക്കാമെന്നും വിലയിരുത്തലുണ്ട്. ഗള്‍ഫിനു പകരം ഇപ്പോള്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് മലയാളി കുടിയേറ്റം വര്‍ധിച്ചു വരുന്നുണ്ട്. പ്രവാസി നിക്ഷേപത്തില്‍ അടുത്ത ഏതാനും പാദങ്ങളില്‍ കൂടി ഇടിവുണ്ടായേക്കാമെങ്കിലും പിന്നീട് സ്ഥിരത കൈവരിക്കുകയോ വീണ്ടും വര്‍ധിക്കുകയോ ചെയ്‌തേക്കാമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.