റിയാദ് - അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടക്കം ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ വിശകലനം ചെയ്യാൻ യു.എൻ രക്ഷാ സമിതി യോഗം ചേരണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. ഈ മാസം 17 ന് അബുദാബിയിൽ ഹൂത്തികൾ നടത്തിയ ഭീകരാക്രമണം വിശകലനം ചെയ്യാൻ യു.എൻ രക്ഷാ സമിതി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് നിലവിൽ രക്ഷാ സമിതി പ്രസിഡന്റ് പദവി വഹിക്കുന്ന നോർവേക്ക് കത്തയച്ചിട്ടുണ്ടെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിന് നൽകിയ കത്തിൽ യു.എന്നിലെ യു.എ.ഇ സ്ഥിരം മിഷൻ പറഞ്ഞു. ഹൂത്തി ആക്രമണങ്ങളെ ശക്തമായും ഏകകൺഠേനെയും രക്ഷാ സമിതി അപലപിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
അതേസമയം, വിനാശകരമായ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ യെമനികളെ കബളിപ്പിക്കാൻ ഹൂത്തി മിലീഷ്യകൾ ആവർത്തിച്ച് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. യെമനിലെ വിവേകശാലികൾ ഹൂത്തികളുടെ നുണകൾ നിരാകരിക്കുകയും അവരുടെ അസംബന്ധങ്ങളിൽ നിന്ന് തങ്ങളുടെ മക്കളെ സംരക്ഷിക്കുകയും വേണം. യെമനിൽ സ്ഥിരതയും സമാധാനവുമുണ്ടാകാനും യെമൻ ഗൾഫ് സംവിധാനത്തിനുള്ളിൽ ആയി മാറാനുമാണ് സൗദി അറേബ്യയും ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാൽ ഹൂത്തികൾ ഭീകരതയും നാശവും തെരഞ്ഞെടുത്തു. ഇറാൻ ഭരണകൂടത്തിന്റെ അജണ്ട നടപ്പാക്കാനുള്ള ഇന്ധനമായി യെമൻ ജനതയെ ഹൂത്തികൾ ഉപയോഗിക്കുന്നു. യെമൻ ജനതയെ കബളിപ്പിക്കാൻ ഹൂത്തി മിലീഷ്യകൾ തെറ്റായ വാഗ്ദാനങ്ങളും ആവർത്തിച്ചുള്ള മിഥ്യാധാരണകളും പ്രചരിപ്പിക്കുകയാണെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.