കോഴിക്കോട്- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്നും മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് അജണ്ടയെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി ആരോപിച്ചു.
പിണറായി വിജയന് വേണ്ടിയാണ് കോടിയേരി ഈ രീതിയില്‍ സംസാരിക്കുന്നത്. നരേന്ദ്ര മോഡിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് പിണറായി വിജയന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കി കോടിയേരി ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇത് മുഹമ്മദ് റിയാസിനു വേണ്ടിയാണ്. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാലും ആ ചരട് കയ്യിലിരിക്കണം. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷ സമുദായംഗത്തിന്റെ പേരില്‍ കോടിയേരി സംസാരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ചിലവില്‍ വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.
ഞങ്ങള്‍ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. ഞങ്ങള്‍ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കില്‍ ആയിക്കോട്ടെ. പക്ഷെ അതില്‍ വര്‍ഗീയത പറയുന്നത് എന്തിനാണ്-മുരളീധരന്‍ ചോദിച്ചു.
കോണ്‍ഗ്രസ് മതേതരപാര്‍ട്ടി അല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ അടക്കം മറ്റൊരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് പറയാനുള്ള ആര്‍ജവം കോടിയേരി കാണിക്കണം. ബി.ജെ.പിയുമായി കോണ്‍ഗ്രസിന് ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ല. ബി.ജെ.പിയുടെ അക്കൗണ്ട് ഇല്ലാതാക്കാനാണ് താന്‍ തന്നെ റിസ്‌ക് എടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.