ദുബായ് -ഒരാഴ്ച്ചക്കിടെ 600ഓളം പേരുടെ മരണത്തിലേക്കു നയിച്ച വ്യാപക ആക്രമണത്തിൽ സിറിയൻ സർക്കാർ രാസായുധം പ്രയോഗിച്ചിട്ടുണ്ടാകാമെന്ന ആരോപണം ഉയർന്നതിനു തൊട്ടുപിറകെ ഉത്തര കൊറിയ സിറിയയിലേക്ക് രാസായുധം നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ നേരത്തെ എത്തിച്ചതായി യുഎൻ അന്വേഷണ സംഘം. 200 പേജ് വരുന്ന ഒരു രഹസ്യ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സിറിയയിലെ ഇസ്‌റ്റേൺ ഗൗത്തയിൽ നടക്കുന്ന കൂട്ടകുരുതിയിൽ സാധാരണക്കാരെ കൊല്ലാൻ രാസായുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് യുഎസും മറ്റു രാജ്യങ്ങളും ആരോപിച്ചിരുന്നു.
ആസിഡ് പ്രതിരോധിക്കുന്ന ടൈലുകൾ, വാൽവുകൾ, തെർമോമീറ്ററുകൾ എന്നിവയാണ് ഉത്തര കൊറിയ സിറിയയിലെത്തിച്ചിട്ടുള്ളതെന്നും റിപ്പോർ്ട്ട് പറയുന്നു. സിറിയയിൽ മിസൈൽ, രാസായുധ നിർമ്മാണ മേഖലകളിൽ ഉത്തര കൊറിയൻ സാങ്കേതിക വിദഗ്ധർ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. അതേസമയം ഈ റിപ്പോർട്ട് സംബന്ധിച്ച് യുഎൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയക്കു മേലുള്ള ഉപരോധത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയുടേതാണ് ഈ റിപ്പോർട്ട്.