മലപ്പുറം-കോട്ടക്കലില്‍ ഹണി ട്രാപ്പ് കേസില്‍ ഒരു സ്ത്രീയടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘം പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂര്‍ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, റഷീദ്, മംഗലം സ്വദേശി ഷാഹുല്‍ ഹമീദ്, കോട്ടക്കല്‍ സ്വദേശികളായ മുബാറക്ക്, നസറുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴ്ച്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട മലപ്പുറം കൂട്ടിലങ്ങാടിയിലെ യുവാവിനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. യുവാവുമായി അടുപ്പം വളര്‍ത്തിയെടുത്ത ഫസീല പിന്നീട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ വാഹനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേര്‍ കൂടി വാഹനത്തില്‍ കയറി. ഫസീലയെയും യുവാവിനെയും ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ കൈമാറി കുടുംബം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
ആവശ്യപ്പെട്ട പണം നല്‍കാമെന്ന് യുവാവിനെക്കൊണ്ട് ഓരൊരുത്തര്‍ക്കും വിളിച്ചു പറഞ്ഞാണ് ഏഴ് പേരെയും പോലീസ് വിളിച്ചു വരുത്തിയത്. സംഘം സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.