റിയാദ് - ഹൂത്തികളുടെ ഭീഷണി ഇല്ലാതാക്കാന്‍ ശ്രമിച്ച് സന്‍ആയില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതായി സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിച്ച രണ്ടു മിസൈല്‍ ലോഞ്ചറുകള്‍ എഫ് -15 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു.
സന്‍ആയില്‍ സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ ഹൂത്തി നേതാവും ദീര്‍ഘദൂര ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ, ആക്രമണ വിദഗ്ധനും മുന്‍ ഏവിയേഷന്‍ കോളേജ് ഡയറക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദ് കൊല്ലപ്പെട്ടു. 2014 ല്‍ സന്‍ആ കീഴടക്കാന്‍ ഹൂത്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദ് ചെയ്തുകൊടുത്തിരുന്നു. ഹൂത്തികള്‍ സന്‍ആയില്‍ പ്രവേശിച്ചയുടന്‍ എയര്‍ ഡിഫന്‍സ്, ഏവിയേഷന്‍കോളേജ് ആസ്ഥാനങ്ങള്‍ ഹൂത്തി മിലീഷ്യകള്‍ക്ക് കൈമാറാന്‍ കോളേജ് ഡയറക് ടറായ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദ് ഉത്തരവിട്ടു. വ്യോമസേനയില്‍ പരിശീലന വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദിനെ 2012 ല്‍ ല്‍ ആണ് എയര്‍ ഡിഫന്‍സ്, ഏവിയേഷന്‍ കോളേജ് ഡയറക്ടറായി യെമന്‍ പ്രസിഡന്റ് നിയമിച്ചത്.
ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദിന്റെ വീട് ലക്ഷ്യമാക്കി സഖ്യസേന വ്യോമാക്രമണം നടത്തുകയായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ജുനൈദിന്റെ വീട്ടില്‍ ചേര്‍ന്ന മുന്‍നിര ഹൂത്തി നേതാക്കളുടെ യോഗം ലക്ഷ്യമിട്ടാണ് സഖ്യസേന വ്യോമാക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര സന്‍ആയില്‍ ഹൂത്തി നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി സഖ്യസേനയും പറഞ്ഞു. ഭീഷണി കണക്കിലെടുത്തും സൈനിക അനിവാര്യത മുന്‍നിര്‍ത്തിയും സന്‍ആയില്‍ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സഖ്യസേന പറഞ്ഞു.
സന്‍ആ വ്യോമമേഖലയില്‍ ഇരുപത്തിനാലു മണിക്കൂറും സൈനിക ഓപ്പറേഷന്‍ നടത്തുന്നുണ്ട്. ഹൂത്തികളുടെ സൈനിക ക്യാമ്പുകളില്‍ നിന്ന് സാധാരണക്കാര്‍ അകന്നുനില്‍ക്കണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു. എഫ്-15, എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ച് ഹൂത്തികള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണെന്ന് അബുദാബി, സൗദി ആക്രമണങ്ങള്‍ക്കു പിന്നാലെ സഖ്യസേന പറഞ്ഞു. ഹൂത്തി നേതാക്കളെ വകവരുത്താന്‍ ആക്രമണങ്ങളില്‍ മുന്‍ഗണന നല്‍കും. ഹൂത്തികള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ ഇല്ലാതാക്കാന്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്നും സഖ്യസേന പറഞ്ഞു.
യു.എ.ഇക്കും സൗദി അറേബ്യക്കും നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ കരുതിക്കൂട്ടി ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഇതില്‍ ഹൂത്തികളോട് കണക്കു ചോദിക്കും. മേഖലാ, ആഗോള സുരക്ഷക്ക് ഹൂത്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഈ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അബുദാബി എയര്‍പോര്‍ട്ടിനും നേരെ മൂന്നു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയ ഹൂത്തികള്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
ബാബല്‍മന്ദബ് കടലിടുക്കിലും ചെങ്കടലിലും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കല്‍, കടല്‍ കൊള്ളകള്‍, മേഖലയില്‍ വ്യോമയാന സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കല്‍ എന്നിവയുടെ തുടര്‍ച്ചയാണ് പുതിയ ആക്രമണങ്ങള്‍. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ഇത്തരം ആക്രമണങ്ങള്‍ മേഖലാ, ആഗോള സുരക്ഷക്ക് തുരങ്കം വെക്കുകയാണ്. യു.എ.ഇയിലും സൗദിയിലും സാധാരണക്കാര്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്നും സഖ്യസേന പറഞ്ഞു.