മഞ്ഞുവീഴ്ച ആസ്വദിച്ച് മലയാളികളും
റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, അസീർ, മക്ക, തബൂക്ക്, വടക്കൻ അതിർത്തി പ്രവിശ്യ, മദീന എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ നേരിയ തോതിലും ഭേദപ്പെട്ട നിലയിലും മഴ അനുഭവപ്പെടും. ഇവിടങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുന്നുണ്ട്. തബൂക്ക് പ്രവിശ്യയിലും അൽജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ആലിപ്പഴ വർഷവുമുണ്ടാകുമെന്നാണ് സൂചന. മഴയെ തുടർന്ന് സൗദിയിലെ മിക്കയിടങ്ങളിലും ചൂട് നന്നെ കുറഞ്ഞ് പൂജ്യം ഡിഗ്രി മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സൗദിയുടെ വിവിധയിടങ്ങളിൽ ഇന്നലെ മുതൽ തന്നെ മഴ ആരംഭിച്ചിരുന്നു. മഴയെ തുടർന്ന് വെള്ളം കെട്ടിനിൽക്കാനോ പ്രളയത്തിനോ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അനിവാര്യമായ കാരണങ്ങളില്ലെങ്കിൽ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹമ്മാദി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അതിനിടെ, മഞ്ഞുമഴയും ആലിപ്പഴ വർഷവും ആസ്വദിക്കാൻ മലയാളികളടക്കം നിരവധി പേരാണ് വിവിധ സ്ഥലങ്ങളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം റിയാദിൽനിന്ന് തബൂക്കിലെത്തി മഞ്ഞുവീഴ്ച കണ്ടത് മറക്കാനാകാത്ത അനുഭവം ആയിരുന്നുവെന്ന് കണ്ണൂർ തലശേരി സ്വദേശികളായ അലി അമീർ, ഷംസീർ കരിയാടൻ എന്നിവർ പറഞ്ഞു.
റിയാദിൽനിന്ന് തബൂക്ക് വിമാനതാവളത്തിലെത്തി അവിടെനിന്ന് 200 കിലോമീറ്റർ അകലെയുള്ള ജബൽഹൗസിന്റെ മുകളിലെ മഞ്ഞുവീഴ്ച കാണുകയായിരുന്നു. മരുഭൂമിയിൽ നിറച്ചും മഞ്ഞു വീണു കിടക്കുന്ന കാഴ്ച അതിമനോഹരമായിരുന്നുവെന്നും ഇരുവരും പറഞ്ഞു.