തലശ്ശേരി -വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ അമ്പലക്കുന്നിലെ പി.സി സനിൽ കുമാറാണ് മരിച്ചത്. തലശേരി കൊടുവള്ളിക്കും കുയ്യാലിക്കുമിടയിലെ റെയിൽപാളത്തിനു സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് തലശേരി കൊടുവള്ളിക്കും കുയ്യാലിക്കുമിടയിലെ റെയിൽപാളത്തിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മരിച്ചത് വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത് . പ്രതിയുടെ തിരിച്ചറിയൽ കാർഡും മൃതദേഹത്തിൽ നിന്നും കണ്ടെത്തിയിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
കഴിഞ്ഞ 15നായിരുന്നു ഭാര്യ നിജിതയ്ക്കും 12 വയസുകാരിയായ മകൾ അളകനന്ദയ്ക്കും നേരെ സനിൽ ആസിഡ് ഒഴിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്.