Sorry, you need to enable JavaScript to visit this website.

വളര്‍ത്തുമകളെ കൊന്നെന്ന് പോലീസ് സമ്മതിപ്പിച്ചു, ഇപ്പോള്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായപ്പോള്‍ പോലീസിന് എന്തു പറയാനുണ്ട്?

തിരുവനന്തപുരം- വളര്‍ത്തുമകളായ 14 കാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് സംശയിച്ച വൃദ്ധ ദമ്പതികള്‍ക്ക് ഒറ്റ ചോദ്യമേയുള്ളു. തങ്ങള്‍ അനുഭവിച്ച പീഡനത്തിന് ആര് മറുപടി പറയും. ഇപ്പോള്‍ യഥാര്‍ഥ പ്രതികളെ യാദൃച്ഛികമായി പിടികൂടിയതോടെ ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ക്കുകയാണ് ഇവര്‍.
 ഒരുവര്‍ഷമായി കോവളം ആഴാകുളത്തെ വീട്ടില്‍ തീതിന്നു കഴിയുകയായിരുന്നു രോഗികളായ വയോധിക ദമ്പതികള്‍. ഒരു ഘട്ടത്തില്‍  പോലീസ് പീഡനം സഹിക്കാനാകാതെ വളര്‍ത്തുമകളെ കൊന്നുവെന്ന് സമ്മതിക്കേണ്ടിവന്നു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാര്‍ത്ഥനക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസമാണ്.

വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് ദിവസം മുന്‍പ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകന്‍ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇതോടെ പതിനാലുകാരിയെ എടുത്തുവളര്‍ത്തിയ വയോധിക ദമ്പതികളുടെ നിരപരാധിത്വമാണ് തെളിഞ്ഞത്.

പതിനാലുകാരിയുടെ കൊലപാതകത്തിന് ശേഷം പോലീസില്‍നിന്ന് കൊടിയ പീഡനമാണ് പോലീസില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നതെന്നാണ് വയോധിക ദമ്പതികള്‍ പറയുന്നത്. പീഡനം സഹിക്കാനാകാതെ ഞാന്‍ പറഞ്ഞു, ഞങ്ങള്‍ തന്നെയാണ് അവളെ കൊന്നത്. അപ്പോള്‍, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാന്‍ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പോലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാല്‍ എടുത്തോണ്ടു പോയി. ഒരു കൊല്ലമായി ഞങ്ങള്‍ നരകിക്കുന്നു. നാട്ടുകാരെല്ലാം കൊലപാതകികളായാണ് കാണുന്നത്. സത്യം തെളിയിക്കണേ എന്നു ദൈവത്തോടു കരഞ്ഞു പറയാത്ത ദിവസമില്ല..' - അര്‍ബുദ രോഗിയായ വയോധിക പറയുന്നു.

2021 ജനുവരി 14 നായിരുന്നു പെണ്‍കുട്ടിയുടെ കൊല നടന്നത്.  വയോധികരായ ദമ്പതികളുടെ വളര്‍ത്തു മകളായിരുന്നു ബാലിക. കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇവരുടെ വീടിനടുത്ത് 4 വര്‍ഷം പ്രതികള്‍ വാടകക്ക് താമസിച്ചിരുന്നു. രക്ഷിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.

വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോള്‍ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരില്‍ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പോലീസ് പറയുന്നത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പോലീസിന്റെ അന്വേഷണം. ചോദ്യം ചെയ്യല്‍ പിന്നീട് മൂന്നാം മുറയിലേക്കും നീങ്ങി.

പല തവണ ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഉള്ളംകാലില്‍ ചൂരല്‍ കൊണ്ട് അടിച്ചു. വിവസ്ത്രനാക്കി. വിരലുകളില്‍ സൂചി കുത്തുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോള്‍ സഹിക്കാനായില്ല. ഞങ്ങള്‍ക്കു വയസ്സായി. ജയിലില്‍ കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്- വയോധിക പറഞ്ഞു. എന്നാല്‍ നുണപരിശോധനക്കുള്ള അനുമതി കിട്ടാത്തതും തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല.

 

 

Latest News