തിരുവനന്തപുരം- കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് പത്തുപേര്‍ അറസ്റ്റില്‍. പോലീസ് നടത്തിയ 'ഓപ്പറേഷന്‍ പീ-ഹണ്ട്' റെയ്ഡിലാണ് പത്തുപേരെ പിടികൂടിയത്. സംസ്ഥാന വ്യാപകമായി 410 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും അടക്കം 186 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ പീ-ഹണ്ട്' എന്ന പേരില്‍ പരിശോധന നടത്തുന്നത്. പലതവണകളിലായി ഇത്തരം റെയ്ഡുകള്‍ നേരത്തെയും നടന്നിരുന്നു. കഴിഞ്ഞദിവസത്തെ റെയ്ഡില്‍ പിടിയിലായവരില്‍ പലരും ഐ.ടി പ്രൊഫഷണലുകളാണ്. ഇവരില്‍ നേരത്തെ പിടിയിലായവരും ഉള്‍പ്പെട്ടതായാണ് വിവരം.
പിടിച്ചെടുത്ത ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും മൊബൈല്‍ ഫോണുകളും ഫൊറന്‍സിക് പരിശോധന നടത്തും.