പത്തനംതിട്ട- എഐവൈഎഫ് കൊടുമണ്‍ മേഖല സെക്രട്ടറി ജിതിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐയാണ് എന്ന് എഐവൈഎഫ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കൊടുമണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐ സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു, പത്തനംതിട്ട അങ്ങാടിക്കലിലാണ് സിപിഎം സിപിഐ സംഘര്‍ഷമുണ്ടായത്. അങ്ങാടിക്കല്‍ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ കൊടുമണ്‍ ഇന്‍സ്‌പെക്ടറടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇരുപക്ഷത്ത് നിന്നായി പത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ടാണ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ തലയ്ക്ക് പരിക്കേറ്റത്. സിപിഎമ്മും സിപിഐയും തമ്മിലാണ് സഹകരണ ബാങ്കിലേക്ക് മത്സരം നടന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ തുടങ്ങിയ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവര്‍ അടുര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.