കൊച്ചി- പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. എറണാകുളത്ത് വച്ചാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിതനായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്‌നേഹിയുമായിരുന്നു എം.കെ പ്രസാദ്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് സര്‍വകലാശാല പ്രോ വിസിയായും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ച എം.കെ പ്രസാദ് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐആര്‍ടിസിയുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.അറിയപ്പെടുന്ന ഗ്രന്ഥകാരന്‍ കൂടിയാണ് അദ്ദേഹം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടുമടക്കം നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.