തിരുവനന്തപുരം- മെഗാ തിരുവാതിര വിവാദത്തിന് പിന്നാലെ ഗാനമേളയും. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഗാനമേള. കോവിഡ് ചട്ടം നിലനില്‍ക്കെയായിരുന്നു കോവിഡ് ക്ലസ്റ്ററായി മാറിയ വേദിയില്‍ ഗാനമേള സംഘടിപ്പിച്ചത്. തിരുവാതിരയില്‍ തുടങ്ങി ഗാനമേളയിലാണ് സിപിഎം സമ്മേളനം അവസാനിച്ചത്. രണ്ട് ദിവസം നീണ്ട ചൂടേറിയ ചര്‍ച്ചകള്‍, മൂന്ന് ദിവസം നേതാക്കളുടെ പ്രസംഗങ്ങള്‍, എല്ലാം കഴിഞ്ഞപ്പോഴാണ് ഗാനമേള സംഘടിപ്പിച്ചത്. സമ്മേളന ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിനിധികളെ ഉന്മേഷവാന്മാരാക്കാനായിരുന്നു ഗാനമേള. സ്വാഗത സംഘത്തിന്റെ വകയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയതിനെ ഞെട്ടല്‍ മാറും മുന്‍പ് നടത്തിയ തിരുവാതിര വന്‍ വിവാദമായതിന് പിന്നാലെയാണ് ഗാനമേള. തിരുവാതിര നടത്തിയതിലെ അനൗചിത്യം തുറന്ന് പറഞ്ഞുള്ള ക്ഷമാപണത്തിന് പിന്നാലെയാണിതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. സൂപ്പര്‍ ഹിറ്റായി മാറിയ പുതിയ സിനിമാ ഗാനങ്ങളാണ് സമ്മേളന വേദിയില്‍ ഉത്സാഹഭരിതമാക്കിയത്. കേട്ടുനിന്ന പ്രവര്‍ത്തകര്‍ക്കും പ്രതിനിധികള്‍ക്കും പരിപാടി ആവേശമായി. തീവ്രമായ കോവിഡ് വ്യാപനത്തില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം നിലനില്‍ക്കെയായിരുന്നു കലാപ്രകടനം. നാല് പേര്‍ക്ക് കോവിഡ് പിടിപ്പെട്ട് കോവിഡ് ക്ലസ്റ്ററായി മാറിയതിന് പിന്നാലെയാണ് ഇതേ വേദിയില്‍ തന്നെ ഗാനമേള സംഘടിപ്പിക്കപ്പെട്ടത്. സമാപന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നത് വരെ പാറശാലയിലെ എസി മുറിയില്‍ ഗാനമേളയും ആരവങ്ങളും നിറഞ്ഞുനിന്നു.