റിയാദ്- സെമി അതിവേഗ റെയിൽവേ പാതയായ കെ-റെയിലിനെ കുറിച്ച ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ച ശേഷമായിരിക്കണം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളെന്നും പ്രകൃതിയെയും മനുഷ്യരെയും പരിഗണിക്കുന്ന ഒരു വികസന നയം നമുക്കാവശ്യമാണെന്നും റിയാദ് പ്രവാസി സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. 'കെ-റെയിൽ വികസനമോ വിനാശമോ?' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം ഗണേഷ് വടേരി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളുമായോ രാഷ്ട്രീയ പാർട്ടികളുമായോ ഡി.പി.ആർ ചർച്ച ചെയ്തിട്ടില്ലെന്നും ഇതിന്റെ ലാഭം, പ്രയോജനം, നിർമാണ ചെലവ് എന്നിവയെ കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അടിച്ചേൽപ്പിക്കുന്ന വൻ സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കും, പരിസ്ഥിതി ആഘാതത്തെ കുറിച്ച് കൃത്യമായ പഠനം ഇനിയും നടത്തിയിട്ടില്ല, കോടതിയടക്കം ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പിലാക്കരുതെന്ന് പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ ആശങ്കകൾക്കോ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കോ മറുപടി പറയാതെ ധാർഷ്ട്യത്തിന്റെയും പോർവിളിയുടെയും ഭാഷയിൽ ആണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇഴഞ്ഞു നീങ്ങുന്ന കെ.എ.എസിന്റെയും കിഫ്ബിയുടെയും കേരളാ ബാങ്കിന്റെയും ഗതിയായിരിക്കും ഈ പദ്ധതിക്കെന്നും ഗണേഷ് വടേരി പറഞ്ഞു.
പ്രവാസി സാംസ്‌കാരിക വേദി സീനിയർ വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. റിഫ പ്രതിനിധി ഹരികൃഷ്ണൻ സംസാരിച്ചു. ജനങ്ങളുടെ ആശങ്കകൾ നിവർത്തിക്കുന്നതോടൊപ്പം വരും കാലത്തിന്റെ വികസന ആവശ്യങ്ങൾ പരിഗണിക്കാനും നാം തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.സി.സി പ്രതിനിധി ഷാഫി കരുവാരക്കുണ്ട് സാമ്പത്തിക പ്രത്യാഘാതം കൊച്ചി മെട്രോയുടെ അനുഭവങ്ങൾ മുൻനിർത്തി വിലയിരുത്തണമെന്ന് പറഞ്ഞു. ഒ.ഐ.സി.സി പ്രതിനിധി അബ്ദുല്ല വല്ലാഞ്ചിറയും പരിപാടിയിൽ സംബന്ധിച്ചു.
പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട് ചർച്ചകൾ സമാഹരിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇതര സംഘടനകളും നിരവധി ടെക്‌നോക്രാറ്റുകളും നിശിതമായി നിരാകരിച്ച ഈ പദ്ധതി ജനാധിപത്യ മര്യാദകളില്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സി.സി അംഗങ്ങളായ അജ്മൽ ഹുസൈൻ സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.