Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിലും ജിദ്ദയിലും പുതിയ ബസ് സർവീസിന് തുടക്കം 

അന്നം മുട്ടിക്കുന്ന പരിഷ്‌കാരമെന്ന് ലൈൻ ബസ് ഡ്രൈവർമാർ

ജിദ്ദ- തിരക്കുപിടിച്ച റോഡിലൂടെ വളഞ്ഞും പുളഞ്ഞും ഞെട്ടിച്ചുമെല്ലാം ഓടിയിരുന്ന ലൈൻ ബസുകൾ ഇനിയോർമ. ഈ ബസിൽ ഒരിക്കലെങ്കിലും കയറിയവർ ആ അനുഭവം ഒരിക്കലും മറക്കില്ല. അത്രയേറെ സാഹസികത കൂടി നിറഞ്ഞതായിരുന്നു ഈ ബസുകളിലെ യാത്രകൾ. അപാര ധൈര്യം വേണ്ടിയിരുന്നു ഈ ബസുകളിൽ യാത്ര ചെയ്യാൻ. മറ്റേത് വാഹനങ്ങളേക്കാളും ജിദ്ദയിലെയും റിയാദിലെയും തെരുവുകളിലൂടെ കുതിച്ചു പാഞ്ഞിരുന്ന ബസുകൾ ഇന്നലെ മുതൽ പൊതുഗതാഗത സേവനം നിലവിൽ വന്നതോടെയാണ് കട്ടപ്പുറത്തേറിയത്. റിയാദിൽ, റിയാദ് നഗര വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബസ് കമ്പനിയും ജിദ്ദയിൽ ജിദ്ദ മെട്രോ കമ്പനിയുമാണ് ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സൂചനാ ടിക്കറ്റ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് മൂന്നു റിയാലാണ് ടിക്കറ്റ് നിരക്ക്. 


ലൈൻ ബസ് ഉടമകളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതികളെ കുറിച്ച് പഠിക്കുന്നതിന് മന്ത്രിസഭ അഞ്ചു മാസം മുമ്പ് സുപ്രീം കമ്മിറ്റി രൂപീകരിച്ചിരുന്നു. സാപ്റ്റ്‌കോ കമ്പനിയിൽ ആകർഷകമായ വേതനത്തിന് ഡ്രൈവർ ജോലി, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമൂഹിക വികസന ബാങ്കിൽ നിന്ന് വായ്പ, അവശരായ, വ്യവസ്ഥകൾ പൂർണമായ ഡ്രൈവർമാർക്ക് സാമൂഹിക സുരക്ഷാ പദ്ധതി വഴി പ്രതിമാസ സാമ്പത്തിക സഹായം എന്നീ മൂന്നു നിർദേശങ്ങളാണ് ലൈൻ ബസ് ഉടമകൾക്കു മുന്നിൽ കമ്മിറ്റി മുന്നോട്ടുവെച്ചത്. 
ലൈൻ ബസ് സർവീസുകൾ നിർത്തിവെക്കുന്നതിനും, പകരം ജിദ്ദയിലും റിയാദിലും ആധുനിക ഗതാഗത സേവനം ഏർപ്പെടുത്തുന്നതിനും 2017 ഒക്‌ടോബർ 31 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കാലപ്പഴക്കം മൂലം പഴകിപ്പൊളിഞ്ഞ ബസുകളാണ് നേരത്തെ ലൈൻ ബസ് സർവീസിന് ഉപയോഗിച്ചിരുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് രാജ്യത്ത് ദൃശ്യമായ അഭിവൃദ്ധിക്കും പുരോഗതിക്കും അനുസൃതമായി ആധുനിക ബസ് സർവീസുകൾ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. 
അതേസമയം, പുതിയ പരിഷ്‌കാരം തങ്ങളുടെ അന്നം മുട്ടിക്കുമെന്ന് ലൈൻ ബസ് ഡ്രൈവർമാർ പറഞ്ഞു. ലൈൻ ബസുകൾ ഓടിക്കുന്നതിന് തുടർന്നും തങ്ങളെ അനുവദിക്കണമെന്ന് ഇവർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പുതിയ പൊതുഗതാഗത സംവിധാനം തങ്ങളുടെ ജീവിത വരുമാനം ഇല്ലാതാക്കും. പുതിയ തീരുമാനം അധികൃതർ പുനഃപരിശോധിക്കണമെന്ന് ലൈൻ ബസ് ഡ്രൈവറായ അഹ്മദ് പറഞ്ഞു. ലൈൻ ബസ് ഡ്രൈവർമാരെ വിലക്കിൽ നിന്ന് ഒഴിവാക്കണം. ലൈൻ ബസുകൾ തങ്ങളുടെ ഏക വരുമാന മാർഗമാണ്. സാപ്റ്റ്‌കോ ബസുകളിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിന് താൻ ആഗ്രഹിക്കുന്നില്ല. കടുത്ത ഗതാഗത തിരക്കുള്ള റോഡുകളിൽ സാപ്റ്റ്‌കോയുടെ വലിയ ബസുകൾ ഓടിക്കൽ ശ്രമകരമാണെന്നും അഹ്മദ് പറഞ്ഞു. കുടുംബം പോറ്റുന്നതിന് ലൈൻ ബസിലെ ഡ്രൈവർ ജോലി മാത്രമാണ് ആശ്രയമെന്ന് ഗാലിബ് അൽമഹ്‌രി പറഞ്ഞു. സാപ്റ്റ്‌കോയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണ്. ഇവ പാലിക്കുന്നതിന് തനിക്ക് സാധിക്കില്ല. ലൈൻ ബസ് ഡ്രൈവർമാരിൽ നിരവധി പേർ തന്റെ അതേ സാമൂഹിക, ജീവിത സാഹചര്യമുള്ളവരാണ്. ലൈൻ ബസ് സർവീസ് തങ്ങളുടെ ഏക വരുമാന മാർഗമാണെന്നും ഗാലിബ് അൽമഹ്‌രി പറഞ്ഞു. 

Latest News