തിരുവനന്തപുരം- കേരളത്തിലെ കോൺഗ്രസ് മതന്യൂനപക്ഷത്തെ ഒഴിവാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മർമ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ന്യൂനപക്ഷത്തു നിന്നല്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകുമ്പോൾ മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്റ്. രാഹുൽ ഗാന്ധിയുടെ നിലപാടിന്റെ ഭാഗമായാണോ തീരുമാനമെന്നും കോടിയേരി ചോദിച്ചു.
കോടിയേരിയുടെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സൂധാകരൻ ആവശ്യപ്പെട്ടു. യു.ഡിഎഫ് ജയിച്ചാൽ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാൻ എൽ.ഡി.എഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്നമായ വർഗ്ഗീയത തിരഞ്ഞെടുപ്പു കാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രചരിപ്പിച്ച് വോട്ട്പിടിച്ച പാർട്ടിയാണ് സി.പി.എം. ശരിക്കും സി.പി.എമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരൻ ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു.
സി.പിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറിൽ പേറുന്ന പാർട്ടിയല്ല കോൺഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. യജമാനൻ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തിൽ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ കേസുകൾ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സി.പി.എം കോൺഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമർശിക്കുന്നത്. അധികാരം നിലനിർത്താനായി സമൂഹത്തിൽ വർഗ്ഗീയ വിഷം തുപ്പുന്ന ജീർണ്ണിച്ച രാഷ്ട്രീയ ശൈലിയിൽ നിന്നും കോടിയേരിയും സിപിഎമ്മും പിൻമാറണമെന്നും സുധാകരൻ പറഞ്ഞു.