- സമ്പൂർണ സൗദിവൽക്കരണം മാർച്ച് 18 മുതൽ
- കർശന പരിശോധന നടത്തും
റിയാദ് - മാർച്ച് 18 മുതൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്ന റെന്റ് എ കാർ ഓഫീസുകളിലും കമ്പനികളിലും ജോലി ചെയ്യുന്നതിന് സൗദി വനിതകൾക്ക് അനുമതിയുണ്ടാകുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അനുയോജ്യമായ തൊഴിൽ സാഹചര്യം ലഭ്യമാവുകയാണെങ്കിൽ ഈ മേഖലയിൽ വനിതകൾക്ക് ജോലി ചെയ്യാവുന്നതാണ്. സ്വകാര്യ മേഖലയിൽ വനിതാ ജീവനക്കാർക്ക് പൊതുവിൽ ബാധകമായ വ്യവസ്ഥകൾ റെന്റ് എ കാർ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
റെന്റ് എ കാർ മേഖലയിലെ ജോലികൾ സ്വീകരിക്കുന്നതിന് സൗദി യുവതീയുവാക്കൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പരിശീലനങ്ങൾ നൽകും. സ്വയം തൊഴിലായി റെന്റ് എ കാർ സ്ഥാപനങ്ങൾ ആരംഭിക്കുന്നവർക്ക് സാങ്കേതിക സഹായവും പിന്തുണയും നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്യും.
റെന്റ് എ കാർ സ്ഥാപനങ്ങളിലേക്ക് യോഗ്യരായ ജീവനക്കാരെ ലഭ്യമാക്കുന്നതിനും ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും എംപ്ലോയ്‌മെന്റ് ഫോറങ്ങൾ സംഘടിപ്പിക്കും. ഇക്കാര്യത്തിൽ നാഷണൽ ലേബർ ഗേറ്റ്‌വേയും പ്രയോജനപ്പെടുത്തും. വിദേശികളെ വിലക്കുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും പരിശോധനകൾ നടത്തും.
മാർച്ച് 18 നു ശേഷം റെന്റ് എ കാർ സ്ഥാപനങ്ങളിൽ വിദേശികളെ ജോലിക്കു വെക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ ചുമത്തും. തൊഴിലാളികളിൽ ഒരാൾക്ക് 20,000 റിയാൽ വീതമാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.