തിരുവനന്തപുരം- വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ സ്ത്രീയും മകനും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്ന് പോലീസ്. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്നതിന് വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച കേസില്‍ പടിയിലായ റഫീഖാ ബീവി, മകന് ഷഫീഖ് എന്നിവരാണ് മറ്റൊരു കൊലക്കേസിലും പ്രതികളായത്. ഒരു വര്‍ഷം മുമ്പ് മരിച്ച പതിനാലുകാരിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.
ഷഫീഖ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. 2020 ഡിസംബര്‍ 13നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുല്ലൂരില്‍ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരൂം പിടിയിലായിരുന്നത്. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവിക്കും ഷഫീഖിനും പുറമെ, റഫീഖാ ബീവിയുടെ സുഹൃത്ത് അല്‍ അമീനും അറസ്റ്റിലായിരുന്നു. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്ന് രക്തം ഒലിക്കുന്നത് കാണുകയായിരുന്നു. ആദ്യം കരുതിയത് വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിച്ചത്.
ശാന്തകുമാരിയുടെ സ്വര്‍ണം കവരുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തകുകയായിരുന്നു.വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നാണ് പോലീസ് കരതുന്നത്.