തലശ്ശേരിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന റെയിൽ പാത നിർമ്മിക്കാൻ കർണാടക വ്യവസ്ഥകൾക്ക് വിധേയമായി സമ്മതിച്ചു. സംരക്ഷിത വനമേഖലയിലൂടെയുള്ള പാത നിർമ്മിക്കുന്നത് പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്ന് പറഞ്ഞ് നഞ്ചൻഗൂഡ് മൈസൂർ റെയിൽ പാതയ്ക്കും തലശ്ശേരി മൈസൂർ പാതയ്ക്കായി ഡി.എം.ആർ.സി. തയാറാക്കിയ പദ്ധതിക്കും അനുമതി നിഷേധിച്ച കർണാടക ആദ്യമായാണ് പുതിയ റെയിൽ പാതയ്ക്ക് അനുമതി നൽകുന്നത്.
ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമും ഗതാഗത സെക്രട്ടറി കെ. ജ്യോതിലാലും കർണാടക ചീഫ് സെക്രട്ടറി സുഭാഷ് കുണ്ഡ്യെയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
പുതിയ പാതയുടെ വിശദമായ പദ്ധതി രേഖ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയാറാക്കും. അതിന്റെ ചെലവ് കേരളം വഹിക്കും. റെയിൽവേയുമായി ചേർന്ന് രൂപീകരിച്ച കേരള റെയിൽ വികസന കോർപറേഷൻ ഇതിന് നേതൃത്വം നൽകും.
കർണാടകയുടെ എതിർപ്പിനെ തുടർന്ന് നഞ്ചൻഗൂഡ്, തലശ്ശേരി പാതകൾ റെയിൽവേ ഉപേക്ഷിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്താണ് പുതിയ പാതയുടെ നടപടികൾ തുടങ്ങിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്തെത്തിയ റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരു ചീഫ് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയത്.
തലശ്ശേരിയിൽ നിന്ന് വനമേഖലകൾ ഒഴിവാക്കി കൂത്തുപറമ്പ്, മാനന്തവാടി, തൃശിലേരി, കുട്ട, കാനൂർ, ബില്ലല, തിതിമട്ടി എന്നിവിടങ്ങളിലൂടെയാണ് പാത മൈസൂരിലെത്തുക. കേരളത്തിലെ കൊട്ടിയൂർ, ആറളം, വയനാട് വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കും. കർണാടകയിലെ പെരിയപട്ടണയിൽ സ്‌റ്റേഷനും കണ്ണൂർ - മട്ടന്നൂർ - കൂത്തുപറമ്പ് റെയിൽ ലിങ്ക്, മൈസൂർ - കുശാൽ നഗർ റെയിൽ ലിങ്ക് എന്നിവയും ഉൾപ്പെടുത്തും.
ബ്രഹ്മഗിരി വന്യജീവി സങ്കേതം, നാഗർഹോളെ ദേശീയോദ്യാനം, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം എന്നിവയെ പുതിയ റെയിൽ പാതയിൽ ഒഴിവാക്കണം.
പദ്ധതി രേഖ തയ്യാറാക്കിയ ശേഷം സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തണം. കേന്ദ്ര കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും ദേശീയ വന്യജീവി ബോർഡിന്റെയും അംഗീകാരം നേടണം എന്നിവയാണ് കർണാടകയുടെ വ്യവസ്ഥകൾ.