Sorry, you need to enable JavaScript to visit this website.

എം.എ യൂസഫലിയുടെ ജീവിതം; മലയാളിയുടെ പുസ്തകം അറബിയിൽ

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ജീവചരിത്രം ഇനി അറബിഭാഷയിൽ നേരിട്ട് മനസ്സിലാക്കാം. കായംകുളം എം.എസ്.എം.കോളേജ് അറബിക് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയിരുന്ന ഓച്ചിറ ഉണിശ്ശേരിൽ യൂസുഫ് സാഹിബ് നദ്‌വിയാണ് 'ലുഉലുഉൽ ഖലീജിൽ അറബി, ഷൈഖ് യൂസഫലി' എന്ന പേരിൽ ജീവചരിത്രഗ്രന്ഥം തയ്യാറാക്കിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിലേക്ക് യൂസഫലിയുടെ കുടിയേറ്റം ആരംഭിച്ചത് മുതൽ ഹെലികോപ്റ്റർ അപകടംവരെയുള്ള സംഭവബഹുലമായ ജീവിതാനുഭവങ്ങളാണ് ഇരുപത്തിയൊന്ന് അധ്യായങ്ങളിലായി പ്രതിപാദിക്കുന്നത്.

ഒന്നുമില്ലായ്മയിൽനിന്നും ഉയർന്നുവന്ന പ്രമുഖന്മാരായ അറബ് സംരംഭകരെക്കുറിച്ച് അറബിയിൽ ഉൾപ്പെടെ ആയിരക്കണക്കിന് പേജുകളിൽ വിവരങ്ങൾ മനസ്സിലാക്കാനുള്ള നിരവധി സാധ്യതകൾ ഉള്ളപ്പോൾ, അവരിൽനിന്നും ഒട്ടുംകുറവല്ലാത്ത സംരംഭങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അനുദിനം മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്ന യൂസഫലിയെപ്പറ്റി അറബ് സമൂഹത്തിന് കൃത്യമായ കാഴ്ചപ്പാടും അറിവും പകർന്നുനൽകാൻ ഉപകരിക്കുന്ന നിലയിലുള്ള രചനകളുടെ അഭാവമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു. 

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് കയ്യിൽകിട്ടിയതുമായി ജീവനുംകൊണ്ട് ആയിരക്കണക്കിന് പ്രവാസികൾ പലായനം ചെയ്തപ്പോൾ ദൈവഹിതമല്ലാതെ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ആത്മധൈര്യത്തിൽ പിന്തിരിഞ്ഞോടാതെ ഉറച്ചുനിന്ന് തന്റെ സംരംഭങ്ങൾ പൂർത്തീകരിച്ച യൂസഫലിയുടെ ധൈര്യത്തെയും അടിയുറച്ച നിലപാടുകളെയും യു.എ.ഇ ഭരണാധികാരി ആയിരുന്ന ഷൈഖ് സായിദ്ബിൻ സുൽത്താൻ അൽ നഹ്യാൻ പ്രത്യേകം പ്രകീർത്തിച്ചതും രാജകൊട്ടാരത്തിൽനിന്നും ഇളവുകളോടെ സാമ്പത്തിക ആനുകൂല്യങ്ങൾനൽകി യൂസഫലിയുടെ സംരംഭങ്ങളെ പൂർത്തീകരിക്കാൻ സഹായിച്ചതുമെല്ലാം അറബികളിലെ പുതുതലമുറക്കുവേണ്ടി ഗ്രന്ഥകാരൻ പ്രത്യേകം സൂചിപ്പിക്കുന്നു.

ഗൾഫ് യുദ്ധത്തിന്റെ മൂർധന്യതയിൽ യുവത്വത്തിന്റെ പ്രസരിപ്പിൽ പോലും പിന്തിരിഞ്ഞോടാതെ യു.എ.ഇയുടെ മണ്ണിൽ നിലയുറച്ച് നിന്നതിനെ പറ്റി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായുള്ള രാജകൊട്ടാരത്തിലെ കൂടിക്കാഴ്ചയിൽ ആരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി നന്മകൾ ഉള്ളിടത്ത് അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ഉണ്ടാവില്ലെന്നും ഇത് നന്മയുടെ രാജ്യമാണെന്നും അങ്ങ് ഈ രാജ്യത്തിനും സമൂഹത്തിനും ഒട്ടനവധി ഗുണങ്ങൾ ചെയ്യുന്ന വ്യക്തിയാണെന്നും അത് കൊണ്ട് ഈ നാട്ടിൽ അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ഉണ്ടാവില്ലെന്നും ഇവിടെ സുരക്ഷിതമാണെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്നത് ഈ ഗ്രന്ഥത്തിൽ കോറിയിട്ടുണ്ട്.  നിരവധി ഗൾഫ് രാജ്യങ്ങളിൽ ഈ യുദ്ധം കൊണ്ട് ചില പ്രയാസങ്ങൾ വന്നപ്പോഴും യു എ ഇ ക്ക് ഒരു പോറലും ഏറ്റില്ലെന്നും ഗ്രന്ഥത്തിൽ അടിവരയിടുന്നു.
 
മറ്റൊരു അധ്യായത്തിൽ യൂസഫലിയുടെ ഉമ്മയുടെ ഓർമ്മയെ കുറിച്ച് ഏറെ ഹൃദയസ്പർശിയായി ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. യൂസഫലിയുടെ മാത്രം ഉമ്മയായിരുന്നില്ലെന്നും നാട്ടുകാരുടെ പൊന്നുമ്മയായിരുന്നെന്നും തന്റെ ജീവിതത്തിൽ ഉമ്മയുമായുള്ള അഗാധമായ ഇഴയടുപ്പം വിവരണാതീതമാണ്. ജോലി തേടിയെത്തുന്ന ഉദ്യോഗാർത്ഥികളുടെയും സഹായത്തിനായി എത്തുന്നവരുടെയും ആശ്രയമായിരുന്നു യൂസഫലിയുടെ ഉമ്മയെന്നും പറയുന്നു. യൂസഫലിയുടെ മാതാവിന്റെ മരണസമയത്ത് ഒരു വൃദ്ധയായ സ്ത്രീ വീട്ടിലെത്തി ഇദ്ദേഹത്തെ കാണണമെന്ന് വാശി പിടിച്ചത് അവിടെ കൂടിയ ജനങ്ങളെ ഏറെ അത്ഭുതപ്പെടുത്തി. ആ വൃദ്ധയുടെ മകളുടെ കല്യാണത്തിന് യൂസഫലിയുടെ ഉമ്മ ഈ സ്വർണാഭരണം സമ്മാനിച്ചതാണെന്നും ആ സ്വർണം പണയം വെച്ച് കൊണ്ടാണ് തന്റെ മകളുടെ വിവാഹം നടന്നതെന്നും മരണ വാർത്ത അറിഞ്ഞപ്പോൾ ആ സ്വർണം പണയത്തിൽ നിന്നും തിരിച്ചെടുത്തു നൽകാൻ വന്നതാണെന്നും അറിയിക്കുകയായിരുന്നു. സ്‌നേഹത്തിന്റെ നിറകുടമായ തന്റെ ഉമ്മയുടെ ഓർമ്മകളാണ് യൂസഫലിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രചോദനമെന്നും ഈ അധ്യായത്തിൽ പറയുന്നു. സത്യസന്ധതയും നിഷ്‌കർഷതയും ആത്മ വിശ്വാസവുമാണ് യൂസഫലിയുടെ വിജയ രഹസ്യമെന്നും സഹ ജീവികളോടുള്ള സൗമ്യമായ ഇടപെടലുകളും കരുതലും ഇദ്ദേഹത്തിന്റെ ജൈത്രയാത്രക്ക് മാറ്റ് കൂട്ടുന്നതായും ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. തന്റെ തൊഴിലാളികളോടുള്ള കരുതലും വിശ്വാസവും സൂക്ഷ്മമായി അപഗ്രഥനം നടത്തുന്ന സുപ്രധാനമായ ഒരധ്യായം കൂടി ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിലും അറബിയിലുമായി നിരവധി പഠനാർഹമായ ലേഖനങ്ങളും ഗ്രന്ഥരചനകളും നിർവ്വഹിച്ചിട്ടുള്ള മുൻപ്രവാസികൂടിയാണ് ഗ്രന്ഥകാരൻ. അലിഗഡ് സർവ്വകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ യോഗ്യതയും നേടി. കാര്യവട്ടം സർവ്വകലാശാലാ ആസ്ഥാനത്തുനിന്നും എം.ഫിലും പൂർത്തീകരിച്ചു. ഇടക്കാലത്ത് മാധ്യമപ്രവർത്തകനായും ജോലിചെയ്തിരുന്നു. 
കമലാ സുരയ്യ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, അഫ്ഗാൻ മാധ്യമപ്രവർത്തകൻ ദാനിഷ് സിദീഖിയുടെ ദാരുണമരണം, അഫ്ഗാനിസ്ഥാനിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ രചിച്ച അറബി ഗ്രന്ഥങ്ങൾ ആമസോണിൽ ഇദ്ദേഹത്തിന്റെതായി ലഭ്യമാണ്. വൈക്കം മുഹമ്മദ് ബഷീർ, ഖുഷ്വന്ത് സിങ്ങ് എന്നിവരെഴുതിയ മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ഏതാനും കഥകൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഗുരുനിത്യചൈതന്യ യതിയുടെ വിഭജനകാലത്തെ ബോംബെ അനുഭവങ്ങളും അറബിയിലേക്ക് മൊഴിമാറ്റി. വിദേശരാജ്യങ്ങളിൽനിന്നും പ്രസിദ്ധീകരിക്കുന്ന വിവിധ ജേണലുകളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. യൂസുഫലിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ഉപയോഗിച്ച് അറബിയിൽ അദ്ദേഹത്തെക്കുറിച്ച് ഒരു വീഡിയോ ഡോക്കുമെന്ററി തയ്യാറാക്കാമെന്ന ഒരാശയം പ്രമുഖനായ ഒരുസിനിമാ നിർമ്മാതാവ് മുന്നോട്ടുവെച്ചതായി രചയിതാവ് പറയുന്നു.
 
അലിഗഡ് സർവ്വകലാശാലയിൽ പഠിക്കുന്ന കാലം അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഹാമിദ് ഹുസൈൻ അൻസാരിയുമായുള്ള സൗഹൃദം പിന്നീട് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായപ്പോൾ പോലും നിലനിറുത്താനായതും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ജീവിതത്തിൽ പകർത്താനായതും ഇപ്പോൾ എഴുത്തിന്റെ മേഖലയിൽ എത്തപ്പെട്ടതും അദ്ദേഹത്തിന്റെ പ്രചോദനമാണെന്ന് വിശ്വസിക്കുന്നതായി ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. സമഗ്രമായ ഒരു ലൈബ്രറിയും സംവിധാനങ്ങളും സ്വന്തമായുള്ളതിനാൽ അറബിഭാഷയിൽ ഗവേഷണം നടത്തുന്നവർ ഉപദേശനിർദ്ദേശങ്ങൾ തേടിയെത്താറുണ്ടെന്നും യൂസുഫ് നദ്‌വി സാഹിബ് പറഞ്ഞു. ഏകദേശം രണ്ട്പതിറ്റാണ്ട് കാലം സൗദിയിലെ ദമാമിൽ പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനത്തിൽ എക്കൗണ്ടന്റായി പ്രവർത്തിച്ചപ്പോൾ ലഭിച്ച അനുഭവപരിചയം അറബിഭാഷയിൽനിന്നുള്ള പരിഭാഷക്കും ഗ്രന്ഥരചനക്കും തനിക്ക് മുതൽക്കൂട്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പിൽ തയ്യിൽതെക്ക് എൽ.പി. സ്‌കൂളിൽ അറബിഭാഷാ അധ്യാപകനായിരുന്ന ഓച്ചിറ ഉണിശ്ശേരിൽ ഇസ്ഹാക്ക് കുഞ്ഞിന്റേയും ശരീഫാബീവിയുടെയും മകനാണ്. കായംകുളം അൽഫിത്‌റ അക്കാദമി അധ്യാപിക മുഹ്‌സിന ടീച്ചർ ഭാര്യയും മർയം ഹിബ, ഫർഹാൻ, റയ്യാൻ എന്നിവർ മക്കളുമാണ്. നമ്പർ: 00919497385707


 

Latest News