കൊച്ചി- തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഹൈക്കോടതി അടക്കം മുഴുവന്‍ കോടതികളുടെയും പ്രവര്‍ത്തനം വീണ്ടും വീഡിയോ കോണ്‍ഫറന്‍സിലേക്ക് മാറ്റും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതിയുടെതാണ് തീരുമാനം.
കോവിഡ് രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതികളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പുനസ്ഥാപിക്കുന്നത്. ഹൈക്കോടതി അടക്കമുള്ള കോടതികളില്‍ ഹൈബ്രിഡ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് കോടതിയിലെത്തിയും ഓണ്‍ലൈനായും വാദം നടത്താം. നിലവില്‍ തുടര്‍ന്ന് വന്നിരുന്ന ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയാണ് തല്‍ക്കാലത്തേക്ക് പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് പുനസ്ഥാപിക്കുന്നത്.
ഒഴിവാക്കാനാവാത്ത അടിയന്തിര സാഹചര്യങ്ങളില്‍ വിചാരണ കോടതികള്‍ക്ക് സാക്ഷി വിസ്താരം കോടതി മുറികളില്‍ നടത്താന്‍ ന്യായാധിപര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ തീരുമാനത്തിന് വിധേയമായിയായിരിക്കണം നടപടികള്‍. കേസിലെ കക്ഷികള്‍ക്ക് സ്വന്തം അഭിഭാഷകന്റെ കത്ത് കൈവശമുണ്ടെങ്കിലേ കോടതി മുറികളില്‍ പ്രവേശനം അനുവദിക്കൂ.
15 പേരിലധികം കോടതി മുറിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കോടതി പ്രവര്‍ത്തിക്കുമ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ വക്കീല്‍ ഗുമസ്ഥന്‍മാര്‍ക്കും പ്രവേശനം അനുവദിക്കൂ. ജില്ലാ ജഡ്ജിമാര്‍ ദൈനംദിന കോവിഡ് നില പരിശോധിച്ച് ഉചിതമായ നടപ്പടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു മാസത്തിന് ശേഷം സ്ഥിതി ഭരണ നിര്‍വഹണ സമിതി പരിശോധിക്കും.