തിരുവനന്തപുരം- സര്‍ക്കാരിന് മെച്ചപ്പെടാന്‍ കുറച്ചു സമയം കൂടി നല്‍കണമെന്നും മന്ത്രിമാര്‍ ശോഭിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച കോടിയേരി ആരോഗ്യതദ്ദേശ വകുപ്പുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ കോടിയേരി ഉറപ്പ് നല്കി. അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനോടാണ് ഒമ്പതു മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്നാണ് വിമര്‍ശങ്ങള്‍ക്ക് കോടിയേരി മറുപടി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിലും മന്ത്രിമാര്‍ ഏറക്കുറെ പുതുമുഖങ്ങള്‍ ആയിരുന്നു. അവര്‍ ശോഭിച്ചത് പോലെ സമയം കൊടുത്താല്‍ ഈ സര്‍ക്കാരും നല്ല നിലയില്‍ വരും. സര്‍ക്കാരിന് വേഗം പോരെന്ന വിമര്‍ശനങ്ങളെയും കോടിയേരി പ്രതിരോധിച്ചു. എന്നാല്‍ ആരോഗ്യ തദ്ദേശ ഭരണ വകുപ്പുകള്‍ക്ക് എതിരായ വിമര്‍ശനം കോടിയേരി തള്ളിയില്ല. വിമര്‍ശനങ്ങള്‍ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തും, ജനകീയ പ്രശ്നങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ തടസമില്ല. എന്നാല്‍ മാഫിയകള്‍ക്ക് വേണ്ടി ഒരിക്കലും ഇടപെടരുത്. കേരള സമൂഹത്തിന്റെ പരിച്ഛേദമായ പോലീസിലും ആര്.എസ്.എസുകാര്‍ ഉള്‍പ്പെടെയുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളില്‍ തിരുത്തലുണ്ടാകുമെന്ന് കോടിയേരി പറഞ്ഞു.