ഉയരം കൂടൂന്തോറും ചായക്ക് രുചിയേറുമെന്ന് മോഹൻലാൽ പറയുന്ന ഒരു പരസ്യമുണ്ട്. അത് പോലെയാണ് ഉയരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും കാര്യം. സമുദ്ര നിരപ്പിൽ നിന്ന് ആയിരവും രണ്ടായിരവും അടി ഉയരത്തിലുള്ള ഹിൽ സ്റ്റേഷനുകൾ ജനപ്രിയ കേന്ദ്രങ്ങളാവുന്നതിന് കാരണവും മറ്റൊന്നല്ല. കൊടൈക്കനാൽ, ഊട്ടി, മൂന്നാർ, ലോനാവാല എന്നു വേണ്ട ഷിംല ഉൾപ്പെടെ പ്രധാന സുഖവാസ കേന്ദ്രങ്ങളെല്ലാം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ എത്തിച്ചേരുകയെന്നത് ശ്രമകരവുമാണ്. എന്നാൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ദിൽസേയിലെ പാട്ടിന്റെ ഈരടികൾ മനസ്സിലോർത്ത് പതുക്കെ പോകുന്ന ട്രെയിനിൽ മല കയറി ഹിൽ സ്റ്റേഷനിലെത്തുന്നതിനെ കുറിച്ചൊന്നോർത്ത് നോക്കൂ.
അനുഭൂതി ദായകമായ അനുഭവമാണ് ഷിംലയിലേക്കുള്ള പൈതൃക തീവണ്ടിയിലെ യാത്ര പകരുന്നത്. മലമുകളിൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിർമിച്ചതാണ് കൽക്ക ഷിംല റെയിൽ പാത. കൽക്ക ഷിംല റെയിൽപാത ഉൾപ്പെടെ നാലു റെയിൽവേ ലോക പൈതൃക സ്മാരകങ്ങളാണ് ഇന്ത്യയിലുള്ളത്. ഡാർജലിങ് മലയോര പാത, നീലഗിരി മലയോര പാത, ഛത്രപതി ശിവജി ടെർമിനസ് എന്നിവയാണ് ബാക്കിയുള്ളവ. വ്യത്യസ്തമായ യാത്രാനുഭവവും മനോഹരമായ കാഴ്ചകളുമാണ് മല കയറ്റ യാത്രയുടെ പ്രത്യേകത.
ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കാൻ 1898 ൽ ആരംഭിച്ച റെയിൽവേ റൂട്ടാണ് കൽക്ക ഷിംല റെയിൽവേ.
96 കിലോ മീറ്റർ നീളത്തിൽ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഷിംല ആയിരുന്നു ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം. അന്ന് ഈ നഗരത്തെ മറ്റ് റെയിൽവേ ശൃംഖലകളുമായി യോജിപ്പിക്കാൻ വേണ്ടി നിർമ്മിച്ചതാണ് കൽക്ക ഷിംല റെയിൽവേ. രണ്ടടി ആറിഞ്ച് വീതിയിൽ നിർമ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ റെയിൽവേ റൂട്ടിന്റെ പ്രത്യേകത. കൽക്ക ഷിംല റെയിൽവേയിൽ 107 ടണലുകളും 864 പാലങ്ങളുമുണ്ട്. കൽക്ക ഷിംല റെയിൽ പാതയുടെ നിർമ്മാണം അത്യന്തം ശ്രമകരമായ ഒന്നായിരുന്നു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. എച്ച്. എസ്. ഹാരിങ്ടൺ എന്ന ചീഫ് എൻജിനീയറുടെ നേതൃത്വത്തിലായിരുന്നു ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ. ബ്രിട്ടീഷ് രാജിനു കീഴിൽ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ഷിംല ആയിരുന്നു.
ബ്രിട്ടീഷ് ആർമിയുടെ ഹെഡ് ക്വാർട്ടേഴ്‌സും ഇവിടെ തന്നെയായിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥലത്തേക്ക് ആശയ വിനിമയ മാർഗങ്ങൾ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ്. എന്നാൽ ഇവിടെ ആളുകൾ നടന്നായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നത്. പ്രത്യേകമായ കാലാവസ്ഥയും നിർമ്മാണ ചെലവും ഒക്കെ കണക്കിലെടുത്ത് വളരെ ഭീമമായ തുകയായിരുന്നു ടിക്കറ്റിന് ഏർപ്പെടുത്തിയിരുന്നത്. എന്നിട്ടും നഷ്ടം മാത്രം ആയപ്പോൾ 1906 ൽ സർക്കാർ ഇതിനെ ഏറ്റെടുത്തു. 2007 ലാണ് ഹിമാചൽ പ്രദേശ് സർക്കാർ ഇതിനെ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ യുനെസ്‌കോയുടെ സമിതി ഇവിടെ എത്തുകയും പരിശോധനകൾ നടത്തുകയും ചെയ്തു. 2008 ലാണ് യുനസെ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. കൽക്കയിൽ നിന്നും ആരംഭിക്കുന്ന യാത്ര 96 കലോമീറ്റർ ദൂരമാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന, പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിൻ കടന്നു പോകുന്നത്.
കൽക്ക, തക്‌സാൽ, ധരംപൂർ, ബരോങ്, സോലാൻ, സമ്മർഹിൽസ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകൾ. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങൾ ഈ യാത്ര വഴി കാണാൻ സാധിക്കും. പ്രധാനമായും അഞ്ച് ട്രെയിനുകളാണ് കൽക്ക ഷിംല റെയിൽ റൂട്ട് വഴി കടന്നു പോകുന്നത്. ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്, കൽക്കാ ഷിംല എക്‌സ്പ്രസ്, ഹിമാലയൻ ക്വീൻ, കൽക്ക ഷിംല പാസഞ്ചർ, റെയിൽ മോട്ടോർ, ശിവാലിക് ക്വീൻ എന്നിവയാണ് ട്രെയിനുകൾ.
കൽക്ക ഷിംല റെയിൽ പാതയിലെ 96 കിലോമീറ്റർ ദൂരവും അതിശയിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും ഏറ്റവും മനോഹരമായത് ബറോങ് മുതൽ ഷിംല വരെയുള്ള ഭാഗത്താണ്. വളവുകളും തിരിവുകളും തുരങ്കങ്ങളും പാലങ്ങളും ഉള്ള വഴിയായതിനാൽ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിക്കുക. കാഴ്ച കാണാൻ കയറുന്നവർക്ക് ഒന്നും മിസ് ആകുമെന്ന സംശയം വേണ്ട. ഈ റൂട്ടിൽ ആകെ നിർമ്മിച്ച 107 ടണലുകളിൽ പത്തെണ്ണം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
കൽക്ക ഷിംല റെയിൽവേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലുകളിലൊന്നാണ് ടണൽ നമ്പർ 33. അത്തരത്തിലൊന്നാണ് ടണൽ നമ്പർ 33. ഒന്നര കിലോമീറ്റർ നീളമുള്ളതാണ് ഈ ടണൽ. 25 കിലോമീറ്റർ സ്പീഡിൽ വരുന്ന ട്രെയിൻ 2.5 മിനിട്ട് സമയമാണ് ഈ ടണൽ ക്രോസ് ചെയ്യാനെടുക്കുന്നത്.