Sorry, you need to enable JavaScript to visit this website.

മതപ്രബോധന  സ്വാതന്ത്ര്യം  ഔദാര്യമല്ല 

കേരള സമൂഹത്തിന്റെ ഇരട്ടത്താപ്പുകൾ അനുദിനം തുറന്ന് കാണിക്കപ്പെടുന്നു. ഇടതുപക്ഷം, പുരോഗമനം എന്നൊക്കെ ചിലയാളുകൾ പറഞ്ഞു നടക്കുന്നതുപോലും വെറുതെയാണെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുന്നു. ജനാധിപത്യപരമായി അൽപം പോലും വളരാത്ത സമൂഹം മാത്രമാണ് കേരളം. മറ്റുള്ളതെല്ലാം കേവലം അലങ്കാര വാക്കുകൾ മാത്രം. എം.എം. അക്ബർ എന്ന മതപ്രബോധകന്റെ കാര്യത്തിൽ  ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുമായി ബന്ധപ്പെട്ട് വരുന്ന നവമാധ്യമ പ്രതികരണങ്ങളും സാംസ്‌കാരിക സമൂഹത്തിന്റെ  നിലപാടും അവസാനത്തെ ഉദാഹരണം മാത്രം.  
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്നറിയാൻ 1995 കാലത്ത് തെലുഗു കവി ഖാദർ മൊഹിയുദ്ദീൻ എഴുതിയ കവിത ഉപകരിക്കും. ഈ കവിത ചരിത്രകാരനായ രാമചന്ദ്രഗുഹ തന്റെ 'ഇന്ത്യ ഗാന്ധിക്ക് ശേഷം' എന്ന ഗ്രന്ഥത്തിൽ എടുത്തെഴുതുന്നു. അയോധ്യ പ്രസ്ഥാനത്തിന്റെ കാലമാണ് കവിതയുടെ എഴുത്ത് പരിസരം. ഏതാണ്ടൊക്കെ  ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയും അതു തന്നെ.  സമുദായമാകെ വല്ലാത്ത അരക്ഷിതാവസ്ഥയിലായിരുന്നു ആ നാളുകളിൽ.  സങ്കുചിത ഹിന്ദുത്വവാദികൾ അവരോട് പാക്കിസ്ഥാനിലേക്ക്  പോകാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കലാപങ്ങൾ പെരുകുന്നു.  ഇത്തരം കുത്തുവാക്കുകളും സാമൂഹ്യാവസ്ഥയും  അവരിൽ തങ്ങൾ ദുർബലരാണെന്ന ചിന്ത വർധിപ്പിച്ചു എന്നാണ് രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നത്.അപ്പോഴാണ് കവി ഇങ്ങനെ കുറിക്കുന്നത്: 
 
'എന്റെ മതം ഗൂഢാലോചനയാണ്
എന്റെ പ്രാർഥന യോഗങ്ങൾ 
ഗൂഢാലോചനയാണ്
എന്റെ ശാന്തമായ കിടപ്പ് 
ഗൂഢാലോചനയാണ്
എന്റെ ഉണർന്നെഴുന്നേൽക്കാനുള്ള 
ശ്രമം ഗൂഢാലോചനയാണ്
എന്റെ ചങ്ങാതിമാർ ഉണ്ടാകണമെന്ന 
ആഗ്രഹം ഗൂഢാലോചനയാണ്
എന്റെ അജ്ഞത, എന്റെ 
പിന്നോക്കാവസ്ഥ ഗൂഢാലോചനയാണ്.'

ഖാദർ മൊഹിയുദ്ദീൻ അന്നെഴുതിയ വരികൾ പതിറ്റാണ്ടുകൾക്കിപ്പുറം  എം.എം. അക്ബറിന്റെ കാലത്തേക്ക്, അക്ബർ പ്രതിനിധീകരിക്കുന്ന സമൂഹത്തോട് ചേർത്തുവെച്ചു നോക്കൂ. ഒരു മാറ്റവുമില്ലെന്ന് മാത്രമല്ല, അവസ്ഥ കൂടുതൽ ക്രൂരവുമായിരിക്കുന്നു. ക്രൂരമെന്ന് പറഞ്ഞത് ഇടതുപക്ഷമെന്ന് പുറമേക്ക് പറയുന്നവരുടെ സമീപനത്തിലുണ്ടായ തികച്ചും തല തിരിഞ്ഞുപോയ മാറ്റമാണ്. 'ബ്രൂട്ടസേ നീയും..' എന്ന് അവരെ വിശ്വസിച്ചു പോയവർ ചോദിക്കുന്ന അവസ്ഥ.
കുരീപ്പുഴയുടെ കാര്യത്തിൽ വേവാലാതി പൂണ്ട കപട ഇടതുപക്ഷം അക്ബറിന്റെ കാര്യം വന്നപ്പോൾ മൗനികളാവുക മാത്രമല്ല പക്ഷം ചേരുകയുമാണ്.  അക്ബറിന്റെ മതം തന്നെ ഒരു മഹാ ഗൂഢാലോചനയാണെന്ന് അവർ മൗനത്തോടെ പറയുന്നു. മുഖ്യ ഇടതുപക്ഷ പാർട്ടികളുടെ നവമാധ്യമ പോരാളികൾ പ്രത്യേക ഇടങ്ങൾ തീർത്ത് അക്ബറിനെ, അക്ബറിന്റെ പ്രത്യയശാസ്ത്രത്തെ  കല്ലെറിയുന്നു. ഇതാ അവൻ, പിടിയവനെ എന്ന് പ്രഖ്യാപിത ശത്രുക്കൾക്കൊപ്പം സംഘം ചേരുന്നു. ഐസിസ് പട്ടം ചാർത്തുന്നു. നീ തന്നെ ഒരു ഗൂഢാലോചനയാണെന്ന് ശത്രുപക്ഷം പറയുന്നു. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ മാറിനിന്ന് സംരക്ഷണ വേഷമണിയുന്നു. നിങ്ങൾക്ക് ബീഫ് തിന്നണമെങ്കിൽ ഇതാ ഇവിടെ ഞങ്ങളുടെ ഇറയത്ത് നിന്നോളൂ എന്ന് ഭിക്ഷ തരുന്നു. കേരളം എല്ലാ ഭക്ഷണവും ഇഷ്ടം പോലെ കഴിക്കാൻ പറ്റുന്ന നല്ല നാടാണെന്ന് പാർട്ടിയുടെ മഹായോഗങ്ങളിൽ വന്ന് മഹത്വം വിളമ്പുന്നു. മനുഷ്യൻ അപ്പത്തിന് മാത്രമാണെന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ!   മത പ്രബോധന സ്വാതന്ത്ര്യവും മത വിരുദ്ധതയുടെ കമ്യൂണിസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമൊക്കെ  ഇന്ത്യൻ ജനതക്ക് ഔദാര്യം കിട്ടിയതാണെന്നായിരിക്കും ഇവരുടെ വിചാരം. തങ്ങളുടെ പൂർവ്വികർ  എത്രയോ കാലം പണിപ്പെട്ട് വരിയും വാക്കും വാചകങ്ങളും നോക്കി എഴുതിയുണ്ടാക്കിയ ഭരണഘടനയിലുള്ളതാണ് ഈ അവകാശമൊക്കെ. അതുണ്ടാക്കിയെടുത്തവർ ബുദ്ധിശൂന്യരോ ഭാവി കാണാൻ കഴിയാത്തവരോ ആയിരുന്നില്ല. ചർച്ചകളിൽ മതന്യൂനപക്ഷ പ്രശ്‌നങ്ങൾ വരുമ്പോൾ, മതത്തിനും വിശ്വാസത്തിനും എതിരാകുമെന്ന് തോന്നുന്ന കാര്യങ്ങൾ വരുമ്പോൾ 'നോ' പറയാൻ അവിടെ ഇന്ത്യ കണ്ട എക്കാലത്തേയും ബുദ്ധിമാന്മാരായ മതന്യൂനപക്ഷ നേതാക്കളുമുണ്ടായിരുന്നു. അവർ എഴുതിവെച്ച ഭരണഘടനയിലെ ഇനി പറയുന്ന വാക്കുകൾ ബാധകമായ ഇന്ത്യൻ പൗരൻ തന്നെയാണ് എം.എം അക്ബറും: ചിന്ത, ആവിഷ്‌കാരം, വിശ്വാസം, മതം, ആരാധന, തൊഴിൽ, സംഘടനാ പ്രവർത്തനം എന്നിവ നിയമ വിധേയവും പൊതുസാന്മാർഗികതക്ക് യോജിക്കും വിധവും കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അക്ബറിനും  ഉറപ്പ് നൽകുന്നുണ്ട്. 
മനസ്സിലാക്കിയേടത്തോളം എം.എം. അക്ബർ ഇന്ത്യൻ ഭരണഘടനയുടെയും നിയമത്തിന്റെയും  പരിധിയിൽനിന്ന് പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആ മട്ടിൽ തന്നയാണ് നടന്നിട്ടുണ്ടാവുക. മറ്റൊരു തെളിവ് കേരള സമൂഹത്തിന് മുന്നിലില്ല. മറ്റൊരു അക്ബറിനെ കേരളം കണ്ടിട്ടില്ല. 
എന്നിട്ടുമെന്തിനാണ് അദ്ദേഹത്തെ ഈ വിധം വേട്ടയാടുന്നത്? മതപ്രബോധന സ്വാതന്ത്ര്യത്തിന് വേണ്ടി ഉയരാത്ത കൈകൾ നൽകുന്ന ഇഷ്ടമുള്ളതു ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ടല്ലോ, അത്  മറ്റാർക്കു വേണമെങ്കിലും പ്രത്യയ ശാസ്ത്ര ബോധമുള്ളവർക്കാവശ്യമില്ല. അവരെ സംബന്ധിച്ചിടത്തോളം അത്തരം തീറ്റക്കമ്മിറ്റികൾ അപ്രസക്തമാണ്. അവർ തീറ്റ മതത്തിന്റെ ആളുകളല്ലെന്ന് ആരാണ് ഇവർക്ക് ഒന്ന് പറഞ്ഞു കൊടുക്കുക. തിന്നാനുള്ള സ്വാതന്ത്ര്യമല്ല, പ്രത്യയശാസ്ത്ര ബോധമുള്ളവർക്കാവശ്യമെന്ന് കൊലമരത്തിലും പ്രത്യയശാസ്ത്രത്തിനായി മുദ്രാവാക്യം വിളിച്ചവരുടെ പിന്മുറക്കാരോട് പറയേണ്ടി വരുന്നതു പോലെ നാണക്കേട് മറ്റൊന്നില്ല.
അക്ബർ ചെയർമാനായ പീസ് സ്‌കൂളിലെ രണ്ടാം ക്ലാസിലോ മറ്റോ പഠിപ്പിച്ചെന്നു പറയുന്ന പുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് ഈ കോലാഹലമൊക്കെ എന്നോർക്കണം. ആ പുസ്തകം നേരത്തെ പിൻവലിച്ചിരുന്നതാണെന്ന് പ്രശ്‌നം ഉയർന്ന കാലത്ത് തന്നെ വ്യക്തമാക്കപ്പെട്ടതാണ്. പക്ഷേ പുസ്തകത്തിലെ പരാമർശം സംബന്ധിച്ച കേസിൽ അക്ബറിനെ പ്രതിയാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതിന്റെ ഭാഗമായി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. പോലീസിന് ഒരാൾക്കെതിരെ കേസെടുക്കണമെങ്കിൽ കാരണം കണ്ടെത്താനൊന്നും വലിയ പ്രയാസമുണ്ടാകില്ല. 
അത്തരം ന്യായങ്ങളുടെ പേരിലൊക്കെ ആശയ പ്രചാരണ സ്വാതന്ത്ര്യം തടയാൻ തുടങ്ങിയാൽ അതൊക്കെ എവിടെ ചെന്നവസാനിക്കുമെന്ന് എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.
 

Latest News