ജിദ്ദ - ദാകാർ റാലി മത്സരാർഥിയെ മറികടക്കാൻ ഹെലികോപ്റ്റർ ഫോട്ടോഗ്രാഫർ തന്നെ ആവേശഭരിതനാക്കുകയായിരുന്നെന്ന് ലോകത്തെ മുൻനിര കാർ റൈഡർമാർ പങ്കെടുത്ത റാലിയിലെ മത്സരാർഥിയെ മറികടന്ന് സാമൂഹികമാധ്യമങ്ങളിൽ താരമായി മാറിയ സൗദി യുവാവ് മിശ്അൽ ബിൻ നായിഫ് അൽശലവി പറയുന്നു. മരുഭൂമിയിൽ വെച്ച് കാർ റാലി മത്സരാർഥിക്ക് സമാന്തരമായി മിശ്അൽ അൽശലവി പിക്കപ്പ് ഓടിക്കുന്നതിന്റെയും മത്സരാർഥിയെ മറികടക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഹെലികോപ്റ്റർ ഫോട്ടോഗ്രാഫർ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. വൈകാതെ ഇത് വൈറലായി.
മത്സരാർഥിക്ക് സമാന്തരമായി മരുഭൂമിയിലൂടെ ശരവേഗത്തിൽ ഇരുപത്തിനാലുകാരനായ യൂനിവേഴ്‌സിറ്റി വിദ്യാർഥി മിശ്അൽ അൽശലവി പിക്കപ്പ് ഓടിക്കുകയായിരുന്നു. മത്സരാർഥിക്ക് ഒരുവിധ പ്രയാസവുമുണ്ടാക്കാതെയും അപകടകരമായ നിലക്കുള്ള സാഹസികത കാണിക്കാതെയുമായിരുന്നു ആകസ്മികമായി യുവാവ് മത്സരാർഥിക്ക് സമാന്തരമായി കാറോടിക്കുകയും വേഗതയിൽ മത്സരാർഥിയെ മറികടക്കുകയും ചെയ്തത്. വർഷങ്ങൾക്കു മുമ്പു മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയ കായിക വിനോദത്തോടുള്ള ഇഷ്ടത്തിൽ നിന്നും അഭിനിവേശത്തിൽ നിന്നുമാണ് ഈ സംഭവം ഉണ്ടായതെന്ന് മിശ്അൽ ബിൻ നായിഫ് അൽശലവി പറഞ്ഞു. മറ്റു സ്‌പോർട്‌സുകളെ അപേക്ഷിച്ച് കാർ റാലി മത്സരങ്ങൾ വീക്ഷിക്കാനാണ് താൻ താൽപര്യം കാണിക്കുന്നത്. കാർ റാലി മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
ദാകാർ റാലിയിൽ പങ്കെടുക്കുന്ന കാറുകൾ കടന്നുപോകുന്ന സ്ഥലമായതിനാൽ കന്നുകാലികളെ പുറതത്തേക്ക് വിടരുതെന്ന് തായിഫിന് കിഴക്ക് 120 കിലോമീറ്റർ ദൂരെ മർകസ് അബൂറാകയിലെ കന്നുകാലി ഉടമകളെ അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താനും സുഹൃത്ത് സഹ്ൽ ബിൻ ഫാരിസ് അൽശലവിയും ചേർന്ന് 2015 മോഡൽ നിസാൻ പിക്കപ്പിൽ തങ്ങളുടെ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ എത്തി കന്നുകാലികൾ പുറത്തിറങ്ങാതെ നോക്കുന്നതിന് കൂടുകൾ അടച്ചു. മർകസ് അബൂറാകയിലെ മുറ ഗ്രാമത്തിൽ തങ്ങളുള്ള സമയത്താണ് ഒരു കിലോമീറ്റർ ദൂരെ കൂടി പ്രത്യേകം നിശ്ചയിച്ച ട്രാക്കിലൂടെ റാലിയിൽ പങ്കെടുക്കുന്ന കാറുകൾ വരുന്നത് തങ്ങളുടെ കണ്ണിൽ പെട്ടത്.
ഇത് തന്നെ ഏറെ ആഹ്ലാദഭരിതനാക്കിയ പരിപാടി ചിത്രീകരിക്കാനും കാറുകളിൽ ഒന്നിനെ പിന്തുടർന്ന് വീഡിയോ റെക്കോർഡ് ചെയ്യാനും പ്രേരിപ്പിച്ചു. ആറു വർഷമായി കാർ റാലി തന്റെ അഭിനിവേശമാണ്. ഈ സമയത്ത് തങ്ങളുടെ കാറിന് സമാന്തരമായി റാലിയിൽ പങ്കെടുക്കുന്ന ഒരു കാർ കടന്നുപോയി. ഈ കാറിന് മുകളിലായി ഹെലികോപ്റ്ററും സഞ്ചരിക്കുന്നുണ്ടായിരുന്നു. റാലിയിൽ പങ്കെടുക്കുന്ന കാറും തങ്ങളുടെ പിക്കപ്പും തമ്മിൽ അമ്പതു മീറ്ററിന്റെ അകലമാണുണ്ടായിരുന്നത്. കാർ റാലി ട്രാക്കുമായി ബന്ധമില്ലാത്ത സ്ഥലത്തു കൂടിയാണ് തങ്ങൾ പിക്കപ്പ് ഓടിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ ഹെലികോപ്റ്ററിലെ ഫോട്ടോഗ്രാഫർ ചിത്രീകരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടു. ഇത് തന്നെ കൂടുതൽ ആവേശഭരിതനാക്കുകയും വേഗം കൂട്ടി മത്സരാർഥിയെ താൻ മറികടക്കുകയുമായിരുന്നു. റാലി കാറുകളെ പോലെ സജ്ജീകരിക്കാത്ത പഴയ മോഡൽ വാഹനമാണ് താൻ ഓടിച്ചിരുന്നത്. ഇതാണ് വീഡിയോ വൈറലാകാൻ കാരണം. റാലിയിൽ പങ്കെടുത്ത കാറിനെ അൽപ ദൂരം പിന്തുടരുകയും പിന്നീട് മറികടക്കുകയും ചെയ്ത ശേഷം ട്രാക്കിൽ നിന്ന് താൻ പുറത്തുപോവുകയും കന്നുകാലി വളർത്തു കേന്ദ്രത്തിലേക്ക് മടങ്ങുകയുമായിരുന്നു. ആകെ രണ്ടു മിനിറ്റു നേരമാണ് താൻ റാലി കാറിനെ പിന്തുടരുകയും മറികടന്ന് സഞ്ചരിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 10.30 ന് ആണ് ഈ സംഭവം നടന്നത്. അന്നേദിവസം വൈകീട്ട് അസർ നമസ്‌കാര ശേഷം ഹെലികോപ്റ്റർ ഫോട്ടോഗ്രാഫർ ചിത്രീകരിച്ച വീഡിയോ തന്റെ മൊബൈൽ ഫോണിൽ ലഭിച്ചു. തന്നെ തിരിച്ചറിഞ്ഞ ചില ബന്ധുക്കളാണ് വീഡിയോ ക്ലിപ്പിംഗ് അയച്ചുതന്നത്. വൈകാതെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. രണ്ടു മിനിറ്റ് നീണ്ട ഈ സംഭവത്തിന്റെ വീഡിയോ വൈറലാകുമെന്നും നിരവധി പേർ കാണുമെന്നും തനിക്ക് അറിയില്ലായിരുന്നു. ദാകാർ റാലി മത്സരാർഥികൾ പോലും സാമൂഹികമാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചു.
വീഡിയോ പ്രചരിക്കുന്നതിൽ താനും സുഹൃത്തും അങ്ങേയറ്റം ആഹ്ലാദത്തിലാണ്. സുഹൃത്ത് സഹ്‌ലിനൊപ്പം എന്നെങ്കിലും ഒരിക്കൽ കാർ റാലിയിൽ പങ്കെടുക്കാൻ കഴിയണമെന്നും ഒന്നാം സ്ഥാനം നേടണമെന്നുമാണ് ആശിക്കുന്നത്. ഇക്കാര്യത്തിൽ തന്റെ മാതൃക സൗദി റൈഡർ യസീദ് അൽറാജ്ഹി ആണ്. യസീദ് അൽറാജ്ഹിയുടെ മുഴുവൻ മത്സരങ്ങളും താൻ വീക്ഷിക്കാറുണ്ട്. ഫുട്‌ബോൾ അടക്കം മറ്റൊരു സ്‌പോർട്‌സും താൻ വീക്ഷിക്കാറില്ല. കാർ റാലി മാത്രമാണ് വീക്ഷിക്കാറ്. ഈ ആഗോള മത്സരത്തിന് സൗദി അറേബ്യ ആതിഥ്യം നൽകിയതിൽ തനിക്ക് അഭിമാനവും ആഹ്ലാദവുമുണ്ടെന്നും മിശ്അൽ ബിൻ നായിഫ് അൽശലവി പറഞ്ഞു.