അട്ടപ്പാടിയിൽ കഴിഞ്ഞയാഴ്ച അരങ്ങേറിയത് കേരളത്തിൽ സമാനതകളില്ലാത്ത സംഭവമാണ്. പൊതുസമൂഹത്തിന്റെ രീതികളോട് പൊരുത്തപ്പെടാതെ കാടിന്റെ നൈർമ്മല്യത്തിൽ അഭയം തേടിയ മാനസികാരോഗ്യമില്ലാത്ത ഒരു ചെറുപ്പക്കാരനെ ഭ്രാന്തു പിടിച്ച ആൾക്കൂട്ടം തല്ലിക്കൊല്ലുക. കൈകാലുകൾ ബന്ധനസ്ഥമായ നിലയിൽ ആ യുവാവിന്റെ മുഖത്ത് മിന്നിമറയുന്ന ദൈന്യം സെൽഫിയിൽ ഒപ്പിയെടുക്കുക. സ്ഥാനത്തും അസ്ഥാനത്തും നമ്മളോരോരുത്തരും അൽപം അഹങ്കാരത്തോടു കൂടിത്തന്നെ പറയുന്ന കേരളത്തിന്റെ ഉദാത്തമായ സംസ്‌കാരത്തിലെ ഏതു മുഴക്കോൽ കൊണ്ടാണ് മധു എന്ന ആദിവാസി യുവാവിന്റെ ജീവിതം നമ്മൾ അടയാളപ്പെടുത്തുക?
ഇനി വിചാരണയുടെ നാളുകളാണ്. വിചാരണ ചെയ്യപ്പെടുന്നത് കേരളീയ മനഃസ്സാക്ഷിയാണ്. ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകളെക്കുറിച്ചും വംശീയ ലഹളകളെക്കുറിച്ചും വേവലാതിപ്പെടുന്ന മലയാളിക്ക് മധു എന്ന ആദിവാസി യുവാവിന്റെ നിസ്സഹായ മുഖം മറക്കാൻ കഴിയുമോ? അട്ടപ്പാടിയിലെ ആദിവാസിയൂരുകളിൽ ഇതര ജനവിഭാഗങ്ങൾക്കെതിരേ ഉരുണ്ടു കൂടുന്ന പ്രതിഷേധം കാണാതിരിക്കരുത്. അത് അട്ടപ്പാടിയിൽനിന്ന് വയനാട്ടിലേക്കും ഇടുക്കിയിലേക്കുമെല്ലാം പടർന്നേക്കാം. കുടിയേറ്റ ജനതക്കെതിരേ അട്ടപ്പാടിയിൽ അലയടിക്കുന്ന പ്രതിഷേധക്കാറ്റിൽ അതുമായി ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ച് കേരളീയ സമൂഹത്തിന് ചർച്ച ചെയ്യാതിരിക്കാനാവില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി മേഖലകളിലൊന്നാണ് അട്ടപ്പാടി. ആലപ്പുഴ ജില്ലയേക്കാൾ വലിപ്പമുള്ള അട്ടപ്പാടിയിൽ 192 ഊരുകളിലായി കാൽ ലക്ഷത്തിലധികം ആദിവാസികൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അട്ടപ്പാടിയുടെ ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ആദിവാസികൾ ആയിരുന്നു. ഇപ്പോൾ എണ്ണത്തിൽ കൂടുതൽ കുടിയേറ്റക്കാരാണ്. ജനസംഖ്യാ നിരക്കിലുണ്ടായ ഈ വ്യത്യാസം തന്നെയാണ് അട്ടപ്പാടിയുടെ നിലവിലുള്ള സാമൂഹ്യ പ്രശ്‌നങ്ങൾക്കെല്ലാം അടിസ്ഥാന കാരണമെന്ന് സമീപകാലത്ത് നടന്ന പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്.
മണ്ണാർക്കാടിനെ തമിഴ്‌നാടിന്റെ അതിർത്തിയായ ആനക്കട്ടിയുമായി ബന്ധിപ്പിക്കുന്ന 53 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് അട്ടപ്പാടിയുടെ ജീവനാഡി. റോഡിന്റെ ഇരുവശവുമായാണ് കുടിയേറ്റക്കാരുടെ താമസ സ്ഥലങ്ങൾ. വിദൂരമായ ഉൾപ്രദേശങ്ങളിൽ യാത്രാ സൗകര്യം പോലുമില്ലാത്ത തുരുത്തുകളായി പല ആദിവാസിയൂരുകളും മാറിയതോടെ അട്ടപ്പാടിയുടെ മുഖ്യധാര കുടിയേറ്റക്കാരുടേതായി മാറി. ഭരണ സംവിധാനം മാത്രമല്ല വാർത്താ മാധ്യമങ്ങളും പ്രധാന രാഷ്ട്രീയ പാർട്ടികളും ചലിച്ചുകൊണ്ടിരിക്കുന്നത് ആദിവാസികളല്ലാത്തവർക്കു വേണ്ടിയാണ്. ഒരേ പ്രദേശത്ത് രണ്ടു തരം ജീവിത വ്യവസ്ഥ രൂപം കൊള്ളുന്നത് ആ നാടിന് എങ്ങനെ ദോഷകരമായി മാറുമെന്നതിന്റെ പ്രത്യക്ഷോദാഹരണമായി മാറിക്കൊണ്ടിരിക്കുകയാണ് അട്ടപ്പാടി.
ആരാണ് അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് ഉത്തരവാദി? നമ്മുടെ ഭരണ സംവിധാനം തന്നെയാണ് പ്രതിക്കൂട്ടിൽ. സ്വതന്ത്ര ഇന്ത്യയിൽ അട്ടപ്പാടിയുടെ വികസനത്തിനായി ചെലവഴിച്ച തുക അവിടെയുള്ള ആദിവാസികൾക്ക് വീതം വെച്ച് നൽകിയിരുന്നുവെങ്കിൽ അവരെല്ലാം രക്ഷപ്പെടുമായിരുന്നുവെന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്.
ഫണ്ടില്ലായ്മയല്ല പ്രശ്‌നമെന്ന് കാര്യങ്ങൾ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കിയാൽ മനസ്സിലാവും. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മേഖലയിൽ നടന്ന ശിശുമരണങ്ങൾക്കെതിരേ അന്നത്തെ പ്രതിപക്ഷം നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സർക്കാർ മാറിയിട്ടും മരണ നിരക്കിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അധികാരം ലഭിച്ചാൽ പ്രഗത്ഭനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലെ സർക്കാർ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നിയോഗിക്കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സർക്കാർ അധികാരത്തിലേറിയിട്ട് ഇത്ര കാലം കഴിഞ്ഞിട്ടും അത് പാലിക്കപ്പെട്ടില്ല.
അട്ടപ്പാടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവപൂർവം പഠിക്കുന്നവരെ ഏറെ അമ്പരപ്പിച്ച ഒരു റിപ്പോർട്ട് സമീപകാലത്താണ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടത്. അതനുസരിച്ച് മേഖലയിലെ വിവിധ ആദിവാസിയൂരുകളിലായി അഞ്ഞൂറോളം മാനസികാസ്വാസ്ഥ്യമുള്ള ആളുകളുണ്ട്. അവരിൽ വലിയൊരു ശതമാനം താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചവരാണ്. മോഷ്ടാവെന്ന് മുദ്രകുത്തി കഴിഞ്ഞ ദിവസം തല്ലിക്കൊന്ന മധു അതിലൊരാളായിരുന്നു. ആദിവാസി സമൂഹത്തിലെ അഭ്യസ്ത വിദ്യർക്കിടയിൽ മാനസിക രോഗം പെരുകുന്നത് കൂടുതൽ ശക്തരായ മറ്റൊരു സമൂഹത്തിലെ അംഗങ്ങളുമായി മത്സരം നടത്തേണ്ടി വരുന്നതു കൊണ്ടാണെന്ന നിഗമനത്തിലേക്ക് ചില പഠനങ്ങൾ വിരൽ ചൂണ്ടിയിട്ടുണ്ട്.
ഭൂമിയുടെ അന്യാധീനപ്പെടലാണ് മറ്റെവിടെയുമെന്ന പോലെ അട്ടപ്പാടിയിലും ആദിവാസി ജനത നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും കൂടുതൽ ശക്തമായ വോട്ട് ബാങ്കായി പ്രവർത്തിക്കുന്ന കുടിയേറ്റക്കാരെ പ്രകോപിപ്പിക്കുമെന്ന ആശങ്കയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുക്കുന്നില്ല. പോലീസ്, വനം, റവന്യൂ, എക്‌സൈസ് എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ ഇടപെടേണ്ടി വരുന്ന സർക്കാർ വകുപ്പുകളൊന്നും തങ്ങളോട് നീതി കാണിക്കുന്നില്ലെന്ന വികാരം ആദിവാസി സമൂഹത്തിൽ ശക്തമാണ്. ഈ വികാരത്തെ ഊതിക്കാച്ചി ആദിവാസിയൂരുകളിൽ സ്വാധീനമുറപ്പിക്കാനാണ് മാവോവാദികളുടേയും സംഘ്പരിവാറിന്റേയും ശ്രമം.
മധുവിന്റെ മരണം മുമ്പില്ലാത്ത വിധം അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള യോജിപ്പ് കാണാതിരിക്കരുത്. അവരുടെ വികാരമത്രയും അലയടിക്കുന്നത് കുടിയേറ്റ കർഷകർക്കെതിരേയാണ്. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബോധപൂർവമായ ശ്രമം ഭരണ സംവിധാനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ വരുംനാളുകളിൽ കേരളീയ സമൂഹം വലിയ വില കൊടുക്കേണ്ടി വരും.