ദുബായ്- ദുബായിൽ മരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി. ദുബായിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശേരിയാണ് താരറാണിയുട മൃതദേഹം എംബാം ചെയ്തതിന് ശേഷം ഏറ്റുവാങ്ങിയത്. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്.
പ്രവാസജീവിതത്തിനിടെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ വ്യക്തിയാണ് അഷ്‌റഫ് താമരശേരി. കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ
തിരക്കിൽ തന്നെയായിരുന്നു അദ്ദേഹം. അജ്മാനിലാണ് അഷ്‌റഫ് താമസിക്കുന്നത്.
യുഎഇയിൽ മരണപ്പെടുന്ന പ്രവാസികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആശ്രഫ് മുഖേനയാണ് ശ്രീദേവിയുടെ ബന്ധുക്കൾക്ക് നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബായ് പോലീസ് വിട്ടു നൽകിയത്. 20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന അഷ്‌റഫിന് ശ്രീദേവിയുടെ മൃതദേഹം കൈമാറിയതായി ദുബായ് സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു.
ശനിയാഴ്ച്ച രാത്രി ഒമ്പതോടടുത്തു ദുബൈയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ശ്രീദേവിയുടെ
മൃതദേഹം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ശ്രീദേവി മരിച്ചത് അസാധാരണ സാഹചര്യത്തിലായതു കൊണ്ടാണ് പരിശോധന നീണ്ടു പോയത്. ഹോട്ടൽ മുറിയിലെ ബാത് ടബ്ബിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അവർ.
ഹോട്ടൽ മുറിയിൽ കുളിക്കാൻ കയറിയ ശ്രീദേവി ഏറെ നേരം കഴിഞ്ഞും പുറത്തു വരാതിരുന്നപ്പോൾ സംശയം തോന്നി വാതിൽ തള്ളിത്തുറന്നു അകത്തു ചെന്നു നോക്കിയപ്പോൾ ബാത് ടബ്ബിൽ മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടതെന്നാണ് ഭർത്താവ് ബോണി കപൂറിന്റെ മൊഴി. .