Sorry, you need to enable JavaScript to visit this website.

ദിലീപ് കേസിലെ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയത് കോട്ടയം സ്വദേശിയായ വി.ഐ.പിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരങ്ങള്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിച്ച വി.ഐ.പിയെക്കുറിച്ച് നേരത്തെ തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ സൂചനകളുണ്ടായിരുന്നു.

2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ ഒരു വി.ഐ.പിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയത് എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതില്‍ പോലീസ് സംശയിച്ചിരുന്നത് നാല് പേരെയായിരുന്നു. ഇവരില്‍ ചിലരുടെ ചിത്രങ്ങള്‍ പോലീസ് ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും അവരല്ലെന്ന് അദ്ദേഹം മൊഴി നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് കോട്ടയം സ്വദേശിയായ വി.ഐ.പിയിലേക്ക് പോലീസിന്റെ സംശയങ്ങള്‍ എത്തിനില്‍ക്കുന്നത്. പ്രവാസി മലയാളിയായ ഇയാള്‍ക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് വിവരം. ദിലീപുമായി അടുത്ത ബന്ധമുള്ള ഇയാളെയാണ് പോലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. വി.ഐ.പിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായേക്കും.

 

Latest News