ദുബായ്- നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ദുബായ് പോലീസ് അവസാനിപ്പിച്ചു. അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചതായാണ് റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കാന്‍ അനുമതി നല്‍കിയതായും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
മുഹൈസ്‌നയിലെ എംബാം കേന്ദ്രത്തിലെത്തിച്ച മൃതദേഹം ഇന്നുതന്നെ മുംബൈയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ശ്രീദേവി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബായ് പോലീസ് കൈമാറിയിട്ടുണ്ട്.
ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനെ തിങ്കളാഴ്ച രാത്രി പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യമാണ് പ്രധാനമായും അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.