ദുബയ് -ജുമെയ്‌റ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടൽ മുറിയിലെ ബാത്ത്ടബിൽ ശനിയാഴ്ച രാത്രി വീണു മുങ്ങിമരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകും. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം അടുത്ത നടപടികൾക്കായി അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ്. മുഹൈസിനിയിലെ എംബാമിങ് യൂണിറ്റിലേക്ക് മാറ്റുന്നതിന് മുമ്പ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറൻസ് പോലീസ് ആവശ്യമാണ്. ഇതിനായി പോലീസ് പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചിട്ടുണ്ട്. ഇതു ലഭിച്ച ശേഷമെ എംബാം ചെയ്യൂ. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിൽ നിന്ന് പോലീസ് ഞായറാഴ്ച തന്നെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല.
സാധരണ എംബാമിങ് യൂണിറ്റ് പ്രവർത്തിക്കുന്നത് രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ്. തിങ്കളാഴ്ച വൈകിയിട്ടും ശ്രീദേവിയുടെ മൃതദേഹം ഇവിടെ എത്താതായതോടെ മരണത്തിൽ ദുരൂഹതയുള്ളതായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തൊട്ടുപിറകെയാണ് ശ്രീദേവിയുടേത് അപകട മരണമാണെന്ന പോലീസ് റിപ്പോർട്ട് പുറത്തു വന്നത്. ബോധരഹിതയായി ബാത്ത് ടബിൽ വീണ ശ്രീദേവി മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അതേസമയം മുംബൈയിൽ സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിലെത്തിച്ച ഉടൻ് സംസ്‌കാരം നടക്കും. ഇവിടെ എത്തിയിട്ടില്ലാത്തതു കൊണ്ടും ദുബായിലെ നപടകളുടെ കാലതാമസം കൊണ്ടും സംസ്‌കാര ചടങ്ങുകളുടെ സമയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.