Sorry, you need to enable JavaScript to visit this website.

കോടതിമുറിക്കുള്ളില്‍ നീതിദേവത കൊല ചെയ്യപ്പെട്ടു- സിസ്റ്റര്‍ ലൂസി കളപ്പുര

കോട്ടയം-കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. കോടതി മുറിക്കുള്ളില്‍വച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന്  അവര്‍ വിധിയെ വിശേഷിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.

കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.  ്രബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ജഡ്ജി ജി ഗോപകുമാര്‍ വിധിയില്‍ പറഞ്ഞു. വിധി കേള്‍ക്കാന്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം ബിഷപ്പ് ഫ്രാങ്കോ  കോടതിയില്‍ എത്തിയിരുന്നു.

പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. 105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചിരുന്നില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു.
വിചാരണ കൂടാതെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈ.എസ.്പി ആയിരുന്ന കെ.സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

 

Latest News