തിരുവനന്തപുരം- മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുടര്‍ച്ചയായി രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശാന്തമാക്കാനുള്ള സ്പീക്കര്‍ പി.രാമകൃഷ്ണന്റെ ശ്രമം വിഫലമായതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്പീക്കര്‍ ഡയസിലെത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയിരുന്നു. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭ മാന്യമായി നടത്താന്‍ സാഹചര്യമില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഇന്നലെയും ബഹളം കാരണം സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിയുകയായിരുന്നു. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്.