Sorry, you need to enable JavaScript to visit this website.

സാക്ഷികള്‍ പറഞ്ഞത് കള്ളമെന്ന് കോടതിക്ക് ബോധ്യമായി- ഫ്രാങ്കോയുടെ അഭിഭാഷകന്‍

കോട്ടയം- കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഒരു സാക്ഷിപോലും കൂറുമാറിയിട്ടില്ലെന്നും അല്ലാതെ തന്നെ ബിഷപ്പ് ഫ്രാങ്കോ കുറ്റമുക്തനാക്കപ്പെട്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

39 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഒരു സാക്ഷിപോലും കൂറുമാറിയില്ല. കൂറുമാറാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഒരു കുറ്റവും തെളിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോ കുറ്റമുക്തനാക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍.

'ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. അനുപമ എന്ന കന്യാസ്ത്രീ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നത്', അഭിഭാഷകന്‍ പറഞ്ഞു.

കേസിന്റെ വിചാരണ വേളയില്‍ തനിക്ക് അനുപമ നല്‍കിയ അഭിമുഖത്തിന്റെ ആധികാരികത സംബന്ധിച്ച് കോടതി വിളിച്ച് വരുത്തിയിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പറഞ്ഞു. അഭിമുഖത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഉണ്ടോ പൂര്‍ണ്ണമായും ആധികാരികമാണോ എന്നായിരുന്നു കോടതി ആരാഞ്ഞത്. ആധികാരികമാണെന്ന് മറുപടി നല്‍കിയെന്നും അഭിലാഷ് മോഹന്‍ പ്രതികരിച്ചു.

 

 

Latest News