കോട്ടയം- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ കണ്ട മറ്റൊരു കേസിന്റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്.
കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിലും കേസില്‍ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീണ്ടു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരവുമായി എത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരെ വിസ്തരിച്ച കേസ്.
25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തു എന്നതാണ് പ്രത്യേകത. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെ. 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കൂട്ടായ്മ.
ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അഡ്വ. ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍.