Sorry, you need to enable JavaScript to visit this website.

സംഘടനാ പേരിനൊപ്പം കേരള, ഇന്ത്യ, ഭാരത് ചേർക്കാം -കോടതി

കൊച്ചി - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും പേരു നൽകുകയെന്നതു പൗരൻമാരുടെ സവിശേഷ അധികാരമാണെന്നും ഉചിതമായ നിയമനടപടികളില്ലാതെ ഈ അവകാശം നിയന്ത്രിക്കുന്നത് നീതികരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അസോസിയേഷനുകളുടെ പേരിനൊപ്പം കേരള, ഇന്ത്യ, ഭാരത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.
ബധിരരുടെ ക്രിക്കറ്റ് സംഘടന കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷനെന്ന പേരിൽ റജിസ്റ്റർ ചെയ്തു നൽകണമെന്ന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട നിയമം കണക്കിലെടുക്കാതെ പരിഗണിക്കണമെന്നും ഹൈ ക്കോടതി നിർദേശം നൽകി. കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷൻ എന്ന പേര് റജിസ്റ്റർ ചെയ്യാനാവില്ലെന്നു വ്യക്തമാക്കിയ നടപടി ചോദ്യം ചെയ്തു സമർപിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്. രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരെ ബധിരരുടെ ക്രിക്കറ്റ് സംഘടനയുടെ ഭാരവാഹികളായ റിയാസുദ്ദീൻ, കൃഷ്ണനുണ്ണി, ഷർഷീദ് എന്നിവർ നൽകിയ ഹരജിയാണു ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്.
സൊസൈറ്റീസ് റജിസ്ട്രേഷൻ നിയമപ്രകാരം അസോസിയേഷൻ റജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ ജില്ലാ റജിസ്ട്രാർ സ്വീകരിച്ചില്ലെന്നു ഹരജിയിൽ വ്യക്തമാക്കി. കേരള, ഇന്ത്യ തുടങ്ങിയ പേരുകൾ അസോസിയേഷനുകൾ രജിസ്ട്രേഷന് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ജില്ലാ രജിസ്ട്രാറുടെ നിലപാട്.


ഭാരതമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വള്ളത്തോളിന്റെ വരികൾ വിധിന്യായത്തിൽ കുറിച്ചിട്ട സിംഗിൾ ബെഞ്ച് കേരളത്തിലെ ബധിരരായ വ്യക്തികൾ ഈ വരികൾ കേട്ടിട്ടുണ്ടാവില്ലെങ്കിലും വായിച്ചിട്ടുണ്ടാവുമെന്നും അഭിപ്രായപ്പെട്ടു. വ്യാപാരം, ബിസിനസ്, പ്രഫഷൻ തുടങ്ങിയവയ്ക്കായി ഇങ്ങനെ പേരു നൽകുന്നതിനാണ് വിലക്കുള്ളതെന്നും സംഘടനകൾക്ക് പേരു നൽകുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്വ. പി. മുഹമ്മദ് സബാഹ് മുഖേന സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Latest News