പാരിസ് - ഫ്രഞ്ച് ലീഗ് ഫുട്‌ബോളിൽ മാഴ്‌സെക്കെതിരായ കളിയിൽ നെയ്മാറിന്റെ വലതുകാൽ ഉളുക്കിയത് പി.എസ്.ജിക്ക് കനത്ത ആശങ്ക സമ്മാനിക്കുന്നു. മത്സരം 3-0 ന് പി.എസ്.ജി ജയിച്ചെങ്കിലും ക്ലബ്ബ് അധികൃതർ നിരാശയിലാണ്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം മോഹിച്ചാണ് നെയ്മാർ ഉൾപ്പെടെ താരങ്ങൾക്കായി പി.എസ്.ജി കോടികളൊഴുക്കിയത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രീഡിനെതിരെ രണ്ടാം പാദം ആസന്നമായിരിക്കെയാണ് ബ്രസീലുകാരന് പരിക്കേറ്റിരിക്കുന്നത്. കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ മാഴ്‌സെ ഡിഫന്റർ ബൂണ സാറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്ക്. നെയ്മാർ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ട് വിട്ടത്. മാർച്ച് ആറിന് റയലിനെതിരായ രണ്ടാം പാദം പാരിസിൽ കളിക്കാനിരിക്കെ അതിനു മുമ്പ് നെയ്മാർ കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി കോച്ച് ഉനായ് എമറി. ആദ്യ പാദത്തിൽ നന്നായി കളിച്ചെങ്കിലും പി.എസ്.ജി 1-3 ന് തോറ്റിരുന്നു.നെയ്മാറിന്റെ പരിക്ക് ഒട്ടും ആഹ്ലാദം തരുന്നില്ലെന്നും എളുപ്പം സുഖം പ്രാപിച്ച് തങ്ങൾക്കെതിരെ കളിക്കട്ടെയെന്നാണ് ആഗ്രഹമെന്നും റയൽ മഡ്രീഡ് കോച്ച് സിനദിൻ സിദാൻ പറഞ്ഞു.
'ഇനിയും പരിശോധന ആവശ്യമുണ്ട്. റയലിനെതിരെ കളിക്കുമോയെന്ന് ചോദിച്ചാൽ കളിച്ചേക്കും എന്നാണ് ഇപ്പോൾ പറയാനാവുക' -എമറി വ്യക്തമാക്കി. ലിയണൽ മെസ്സിയുടെ നിഴലിൽനിന്ന് മാറി ബാലൻഡോർ നേടുകയെന്ന ഉദ്ദേശ്യത്തോടെ ബാഴ്‌സലോണ വിട്ട നെയ്മാറിനും ഈ ദുരന്തം താങ്ങാനാവില്ല. കണ്ണീരോടെയാണ് താരം കളം വിട്ടത്. കാലിൽ നല്ല വീക്കമുണ്ടെന്ന് പി.എസ്.ജി ഗോൾകീപ്പർ അൽഫോൺസ് അരിയോല വെളിപ്പെടുത്തി. ബദ്ധവൈരികളായ മാഴ്‌സെക്കെതിരായ മത്സരം രണ്ടാം പകുതിയിൽ ഏറെ പരുക്കനായി. 11 മഞ്ഞക്കാർഡുകളാണ് റഫറി കാണിച്ചത്. ലീഗിൽ മോണകോയെക്കാൾ 14 പോയന്റ് മുന്നിലാണ് പി.എസ്.ജി. മോണകോയെക്കാളും രണ്ട് പോയന്റ് പിന്നിലാണ് മാഴ്‌സെ. നാളെ ഫ്രഞ്ച് കപ്പിൽ മാഴ്‌സെയുമായി പി.എസ്.ജി വീണ്ടും ഏറ്റുമുട്ടുന്നുണ്ട്.